മോസ്കോ: റഷ്യയിലെ മോസ്കോയില്‍ യുക്രൈൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
“ജീവഹാനിയുണ്ടായതില്‍ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്,” എംബസി എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ മോസ്കോയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച രാത്രി നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 1,000-ല്‍ അധികം യുക്രേനിയൻ ഡ്രോണുകള്‍ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണങ്ങളില്‍ പലയിടത്തും ജനവാസ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും ഇതില്‍ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു. യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലും ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
മോസ്കോയ്ക്ക് വടക്ക് ഖിംകിയില്‍ വീടിന് മുകളില്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു സ്ത്രീ മരിച്ചതായി മോസ്കോ റീജിയണല്‍ ഗവർണർ ആൻഡ്രി വൊറോബിയോവ് പറഞ്ഞു. മിറ്റിഷ്ചി ജില്ലയിലെ പോഗോറെല്‍ക്കി ഗ്രാമത്തില്‍ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോസ്കോയുടെ പെട്രോളിയം റിഫൈനറിക്ക് സമീപമാണ് ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തത്.
യുദ്ധം ആരംഭിച്ച് നാല് വർഷത്തിലേറെയായി. യുദ്ധം തുടങ്ങിയ ശേഷം റഷ്യ നടത്തിയ ഏറ്റവും കനത്ത വ്യോമാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രൈന്റെ ഭാഗത്തുനിന്ന് ഈ ഡ്രോണ്‍ ആക്രമണം നടന്നത്. റഷ്യൻ ആക്രമണത്തിന് ശേഷം തിരിച്ചടിയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ വ്യോമ പ്രതിരോധ സംവിധാനമുണ്ടായിട്ടും, റഷ്യൻ പ്രദേശത്തിനുള്ളില്‍ 500 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താൻ യുക്രൈന് കഴിഞ്ഞതായി യുക്രേനിയൻ പ്രസിഡന്റ് അവകാശപ്പെട്ടു.



