‘വിദേശ യാത്ര വേണ്ട, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങേണ്ട, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം’; മോദി

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ യുദ്ധം സൃഷ്‌ടിച്ച ആഗോള ഇന്ധന പ്രതിസന്ധിക്ക് നടുവില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി വർക്ക് ഫ്രം ഹോം രീതികള്‍ പുനരാരംഭിക്കാനും ഇന്ധന ഉപയോഗം കുറയ്ക്കാനും ഒരു വർഷത്തേക്ക് വിവാഹ ആവശ്യങ്ങള്‍ക്കുള്ള സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്‌ത്‌ രംഗത്ത് വന്നിരിക്കുകയാണ്.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്നതായിരുന്നു ഈ നിർദ്ദേശങ്ങളുടെയെല്ലാം ലക്ഷ്യം.ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് അമേരിക്ക മുതല്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ വരെ ഇന്ധനവില റെക്കോർഡ് നിലയില്‍ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ഇതുവരെ ഇന്ത്യക്കാരെ ഈ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ സ്ഥിതി മാറിയേക്കാമെന്ന് സൂചനയാണ് ഇതിലൂടെ പ്രധാനമന്ത്രി നല്‍കുന്നത്.

‘കൊറോണ കാലത്ത് നമ്മള്‍ വീട്ടിലിരുന്ന് ജോലി ചെയ്യല്‍, ഓണ്‍ലൈൻ മീറ്റിംഗുകള്‍, വീഡിയോ കോണ്‍ഫറൻസുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ സ്വീകരിക്കുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്‌തിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ഇന്ന്, ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് ആ ശീലങ്ങള്‍ പുനരാരംഭിക്കുകയും അവയ്ക്ക് വീണ്ടും മുൻഗണന നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ ഏഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും ആഗോള എണ്ണ ഗതാഗതത്തില്‍ നിർണായകമായ ഹോർമുസ് കടലിടുക്കിലെ തടസങ്ങളും കാരണം ആഗോള ക്രൂഡ് ഓയില്‍ വില ഒരു ബാരലിന് ഏകദേശം 70 ഡോളറില്‍ നിന്ന് 126 ഡോളറിലേക്ക് ഉയർന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥനയെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ധനവില വർധന പ്രഖ്യാപിക്കാതെ തന്നെ, പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവർത്തിച്ച്‌ ഊന്നിപ്പറഞ്ഞു. ‘പെട്രോളും ഡീസലും ലോകമെമ്പാടും വളരെ വിലയേറിയതായി മാറിയിരിക്കുന്നു. പെട്രോള്‍-ഡീസല്‍ വാങ്ങി ചെലവഴിക്കുന്ന വിദേശനാണ്യം ലാഭിക്കുന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്’ അദ്ദേഹം പറഞ്ഞു.

വർധിച്ചുവരുന്ന ആഗോള ഊർജ്ജചെലവുകള്‍ രാജ്യത്തിന് സാമ്പത്തിക സമ്മർദ്ദം സൃഷ്‌ടിക്കുന്നതിനാല്‍ അനാവശ്യ ചെലവുകള്‍ പുനർവിചിന്തനം ചെയ്യാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. ഒരു വർഷത്തേക്ക് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ അദ്ദേഹം വ്യക്തമാക്കി.ഏകദേശം നാല് വർഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ ഇന്ധനവിലയില്‍ വലിയൊരു മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് സർക്കാർ, വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്‌താവനയെന്നത് കാര്യങ്ങളുടെ ഗൗരവസ്ഥിതി വ്യക്തമാക്കുന്നതാണ്.

വരുന്ന മെയ് മുമ്പ് പെട്രോള്‍, ഡീസല്‍ വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനാല്‍ എണ്ണ വിപണന കമ്പനികള്‍ക്ക് വലിയ നഷ്‌ടം നേരിടേണ്ടി വരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍, ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്‌ടമാണ് മൊത്തത്തില്‍ ഉണ്ടാകുന്നതെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.നിലവിലെ ആഗോള ക്രൂഡ് വിലയനുസരിച്ച്‌, പ്രതിസന്ധിയുടെ പൂർണ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സർക്കാരും എണ്ണക്കമ്പനികളും പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് ലിറ്ററിന് 30 രൂപയും സബ്‌സിഡിയായി നല്‍കി വരികയാണ്. അതേസമയം, ഇന്ധന സംരക്ഷണത്തിനപ്പുറം, പാചക എണ്ണയുടെ ഉപഭോഗം കുറയ്ക്കാനും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ ഉണ്ടായ അസ്ഥിരതയാണ് ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചത്. ഇത് കപ്പല്‍ ഗതാഗത പാതകളെ തടസപ്പെടുത്തുകയും ആഗോള ക്രൂഡ് വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വർധിപ്പിക്കുകയും ചെയ്‌തിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്, എന്നാല്‍ ഇറാൻ-യുഎസ്, ഇസ്രായേല്‍ സംഘർഷം കാരണം ഇവിടുത്തെ ഗതാഗതം സാരമായി ബാധിച്ചിരിക്കുകയാണ്.