ഹാൻ്റ വൈറസ് ബാധയുമായി ഡച്ച് കപ്പല്‍ കാനറി ദ്വീപിലേക്ക്; 149 യാത്രക്കാര്‍; മൂന്ന് മരണം

പാരീസ്: ഹാന്റ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു യാത്രക്കാര്‍ മരിച്ച എംവി ഹോണ്‍ഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പല്‍ സ്‌പെയിനിന് കീഴിലെ കാനറി ദ്വീപിലെത്തും. ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചകളിലാണ് കപ്പല്‍ കാനറി ദ്വീപില്‍ അടുപ്പിക്കാന്‍ തീരുമാനമായത്. ഇവിടെ യാത്രികര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യം ഉള്‍പ്പെടെ ഒരുക്കും. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് നിലവില്‍ കപ്പലിലുള്ളത്.

കപ്പലിലെ സഞ്ചാരികളായ 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികള്‍ക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവര്‍ ഈവര്‍ഷമാദ്യം തെക്കേ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നടത്തിയ യാത്രകള്‍ക്കിടെയാകാം ചെറുജീവികളില്‍ നിന്ന് ഹാന്റ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ എം.വി ഹോണ്‍ഡിയസ് കപ്പലില്‍ അര്‍ജന്റീനയില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്.

വൈറസ് ബാധ തിരിച്ചറിയുന്നതിന് മുമ്പ് ഏപ്രില്‍ 24ന് ആഫ്രിക്കന്‍ തീരത്തെ സെന്റ് ഹെലേന ദ്വീപില്‍ എത്തിയ കപ്പലില്‍ നിന്ന് 29 യാത്രികര്‍ ഇറങ്ങുകയും പലരും സ്വദേശത്തേക്ക് വിമാനങ്ങളില്‍ മടങ്ങുകയും ചെയ്തിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. കപ്പലില്‍ ഏപ്രില്‍ 11നാണ് വൈറസ് ബാധയെത്തുടര്‍ന്നുള്ള ആദ്യ മരണമുണ്ടാകുന്നത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോള്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ കൂടുതല്‍ യാത്രക്കാര്‍ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.

ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോ​ഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്. എന്നാൽ ഇത് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ലെന്നാണ് ലോകാരോ​ഗ്യ സംഘടന അറിയിച്ചത്. ലോകാരോഗ്യ സംഘടനയിലെ (WHO) പകർച്ചവ്യാധി വിദഗ്ധയായ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഹാൻ്റ വൈറസ് സമ്പർക്കത്തിലൂടെ മാത്രമാണ് പകരുക. രോ​ഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ മാത്രമെ വൈറസ് ബാധ പടരുകയുള്ളു എന്നാണ് ഡബ്യൂ എച്ച്ഒ പ്രതിനിധി വ്യക്തമാക്കിയത്. അതേസമയം കപ്പലിൽ വൈറസ് പടർന്നതിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയിട്ടുണ്ട്.