‘എന്റെ ജീവിതം കൊടുത്തും ഞാനിത് തടയും’; സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ കാവലിരിക്കാൻ മമതയുടെ ആഹ്വാനം

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടിംഗ് യന്ത്രങ്ങളില്‍ (EVM) അട്ടിമറി നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി.

വെള്ളിയാഴ്ച സൗത്ത് കൊല്‍ക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമില്‍ മൂന്ന് മണിക്കൂറിലധികം മമത ബാനർജി നേരിട്ട് കാവലിരുന്നു. സ്ട്രോങ്ങ് റൂമിലോ വോട്ടെണ്ണല്‍ പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്ക് ശ്രമിച്ചാല്‍ അത് ജീവൻ-മരണ പോരാട്ടമായി മാറുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. വോട്ടിംഗ് യന്ത്രങ്ങള്‍ മോഷ്ടിക്കാനോ കൃത്രിമം കാണിക്കാനോ ഉള്ള നീക്കങ്ങളെ താൻ ശക്തമായി പ്രതിരോധിക്കുമെന്നും ജനവിധി അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

ഭവാനിപൂരിലെ സഖാവത്ത് മെമ്മോറിയല്‍ സ്കൂളിലെ സ്ട്രോങ്ങ് റൂമിലാണ് മമത സന്ദർശനം നടത്തിയത്. പലയിടങ്ങളിലും യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന സിസിടിവി ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ടതിനെത്തുടർന്നാണ് താൻ നേരിട്ടെത്തിയതെന്ന് അവർ പറഞ്ഞു. സ്ട്രോങ്ങ് റൂമിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സന്ദർശനത്തിനിടെ ഉദ്യോഗസ്ഥർക്കെതിരെയും കേന്ദ്ര ഏജൻസികള്‍ക്കെതിരെയും മമത ആഞ്ഞടിച്ചു. തന്റെ പാർട്ടിയുടെ പോളിംഗ് ഏജന്റിനെ അനാവശ്യമായി അറസ്റ്റ് ചെയ്തതായും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു. വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനോ ഫലത്തില്‍ മാറ്റം വരുത്താനോ സാധ്യതയുണ്ടെന്നും അതിനാല്‍ എല്ലാ സ്ട്രോങ്ങ് റൂമുകള്‍ക്കും മുന്നില്‍ 24 മണിക്കൂറും അതീവ ജാഗ്രത പാലിക്കണമെന്ന് മമത പ്രവർത്തകർക്ക് കർശന നിർദ്ദേശം നല്‍കി.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും തള്ളി. സ്ട്രോങ്ങ് റൂമുകളെല്ലാം അതീവ സുരക്ഷയിലാണെന്നും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് അവ മുദ്രവെച്ചതെന്നും കമ്മീഷൻ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് നടപടികള്‍ പൂർത്തിയാക്കിയതെന്നും സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫീസർ മനോജ് അഗർവാള്‍ അറിയിച്ചു.

ഇതിനിടെ, പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായത് തൃണമൂല്‍ പ്രവർത്തകരുടെ ആത്മവീര്യം കെടുത്താനാണെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു. മെയ് 4-നാണ് ബംഗാളിലെ വിധിയെഴുത്ത് പുറത്തുവരുന്നത്.