പ്രശ്‌നങ്ങളെ, പ്രതിസന്ധികളെ അവഗണിക്കാതിരിക്കാം…!

അന്ന് അച്ഛനും മകനും കൂടി പന്തയംവെച്ച് മലമുകളിലേക്ക് കയറാന്‍ തീരുമാനിച്ചു.

കുറച്ച് ദൂരം ചെന്നപ്പോഴേക്കും അച്ഛന്‍ ഓട്ടം നിര്‍ത്തി, ഇത് കണ്ട് മകന്‍ കാര്യമന്വേഷിച്ചു. അച്ഛന്‍ പറഞ്ഞു: ഷൂസിനുള്ളില്‍ ചെറിയ ചെറിയ കല്ലുകള്‍ കയറി. അതെടുത്ത് കളയുകയാണ്.

അപ്പോള്‍ മകന്‍ പറഞ്ഞു: എന്റെ ഷൂസിനുള്ളിലും കല്ലുകള്‍ ഉണ്ട്. പക്ഷേ, ഇപ്പോള്‍ നിന്നാല്‍ ഞാന്‍ തോല്‍ക്കും. മുകളിലെത്തുമ്പോള്‍ എടുത്തുകളയാം. അച്ഛന്‍ കല്ലുകള്‍ കളഞ്ഞപ്പോഴേക്കും മകന്‍ ഒരുപാട് ദൂരം മുകളിലെത്തിയിരുന്നു.

പക്ഷേ, അവന് കാല് വേദനിക്കാന്‍ തുടങ്ങി. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോഴേക്കും കാലില്‍ മുറിവായി. പിന്നെ ഒരടിപോലും വെക്കാന്‍ കഴിയാത്ത വേദനയായി. അപ്പോഴേക്കും അച്ഛന്‍ മുകളിലെത്തി.

അച്ഛന്‍ അവന്റെ ഷൂസിലെ കല്ലുകളെടുത്ത് കളഞ്ഞതിനേശേഷം പറഞ്ഞു: ഏതു പ്രശ്‌നവും തുടക്കത്തിലേ നേരിട്ടാല് കൂടുതല്‍ എളുപ്പത്തില്‍ പരിഹരിക്കാം. മാറ്റിവെക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. അവ പതിന്മടങ്ങായി വളരും.

അവഗണിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും ഇതേ സ്വഭാവം തന്നെയാണ്. അവ അടിവേരോടെ നമ്മെ പിഴുതെറിയും. താങ്ങാനാകാത്ത കാഠിന്യമുള്ളതിന്റെ പേരിലല്ല പല പ്രശ്‌നങ്ങള്‍ക്കുള്ളില്‍ നിന്നും ആളുകള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്തത്. അവയൊന്നും തുടക്കത്തില്‍ തിരിച്ചറിഞ്ഞില്ല എന്നതോ, തിരിച്ചറിഞ്ഞിട്ടും യഥാവിധി പ്രതികരിച്ചില്ല എന്നതോ ആണ് പ്രശ്‌നം.

എന്തെന്നാല്‍, അപായസൂചനകള്‍ക്കെല്ലാം പലപ്പോഴും ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ മാത്രം വലുപ്പമുണ്ടാകില്ല. പ്രശ്‌നങ്ങളെ, പ്രതിസന്ധികളെ അവഗണിക്കാതിരിക്കാം, ആദ്യഘട്ടത്തിലേ പ്രതിവിധികണ്ടെത്താം

– ശുഭദിനം.