തൊടുപുഴ: തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ഹർത്താൽ അനുകൂലിയെ മറ്റൊരാൾ തടഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നടന്നുപോയി വാഹനങ്ങൾ തടയണമെന്നും പോലീസിനെ വിളിക്കൂവെന്നും പറഞ്ഞാണ് ഇയാൾ ഹർത്താൽ അനുകൂലിയെ തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
ബൈക്കിൽ എത്തിയ ഒരു ഹർത്താൽ അനുകൂലി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ വാഹനങ്ങൾ തടയുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വാഹനങ്ങളും ഇയാൾ തടഞ്ഞു. അതിന് ശേഷം ഇയാൾ ബൈക്കിൽ തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു. ആ സമയം മറ്റൊരാൾ വന്ന് ഇയാളെ തടഞ്ഞു. ഈ സംഭവങ്ങളെല്ലാം കണ്ടുനിന്ന ശരത് എന്ന ചെറുപ്പക്കാരനാണ് ഹർത്താൽ അനുകൂലിയായ യുവാവിനെ തടഞ്ഞത്. എങ്ങോട്ടാണ് പോകുന്നതെന്നും താൻ പോലീസിനെ വിളിക്കെന്നും ഹർത്താൽ അനുകൂലിയോട് ഇയാൾ പറഞ്ഞു. ഏറെനേരം ഇയാൾ ഹർത്താൽ അനുകൂലിയെ തടഞ്ഞു.
പിന്നാലെയെത്തിയ പോലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ഇയാൾ ആവർത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹർത്താൽ അനുകൂലിയുടെ വാഹനം തടഞ്ഞുകൊണ്ട് ശരത് രൂക്ഷമായി പ്രതികരിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം തന്നെ ചോദ്യം ചെയ്തതയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സമരാനുകൂലിയും മുന്നോട്ടുവെച്ചു. എന്നാൽ ഇതിന് പോലീസ് തയ്യാറായില്ല.
വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനംചെയ്തിരിക്കുന്ന ഹർത്താൽ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ്. നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിലിൽനിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നൽകുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കുക, കണ്ണൂർ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗൺസിൽ ഉന്നയിക്കുന്നു.



