ലബനനില്‍ ഇസ്രയേലി സൈനികൻ ക്രൂശിതരൂപം തകര്‍ത്തു; മാപ്പു ചോദിച്ച്‌ നെതന്യാഹു

ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രയേലിനോടു ചേർന്ന ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ഡെബേലില്‍ ഇസ്രേലി സൈനികൻ യേശുക്രിസ്തുവിന്റെ ക്രൂശിതരൂപം തകർത്തതു വിവാദമായി.

ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ഇസ്രയേല്‍ സൈന്യം തീരുമാനിക്കുകയും തിരുസ്വരൂപം തകർത്തതു തങ്ങളുടെ സൈനികൻതന്നെയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പ്രാഥമിക പരിശോധനയില്‍ ലബനനില്‍ പ്രവർത്തിക്കുന്ന ഇസ്രേലി സൈനികനാണു ചിത്രത്തിലുള്ളതെന്ന് വ്യക്തമായതായും സംഭവത്തെ വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും സൈനികന്റെ പ്രവൃത്തി തങ്ങളുടെ മൂല്യങ്ങള്‍ക്കു വിപരീതമാണെന്നും ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ നോർത്തേണ്‍ കമാൻഡ് സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റകൃത്യത്തിന്റെ ഭാഗമായവർക്കെതിരേ തക്കതായ ശിക്ഷാനടപടിയുണ്ടാകുമെന്നും ഐഡിഎഫ് പ്രതികരിച്ചു.

സംഭവം തന്നെ അമ്പരപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഈ പ്രവൃത്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു.

സൈനിക അധികാരികള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയും കുറ്റവാളിക്കെതിരേ ഉചിതമായ കഠിനമായ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും”-നെതന്യാഹു സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും സംഭവത്തെ അപലപിച്ചു.

“ഗുരുതരവും അപമാനകരവുമായ കുറ്റകൃത്യമാണിത്. ഈ ലജ്ജാകരമായ നടപടി നമ്മുടെ മൂല്യങ്ങള്‍ക്ക് പൂർണമായും വിരുദ്ധമാണ്. ക്രൈസ്തവരോട് മാപ്പു ചോദിക്കുന്നു’’- വിദേശകാര്യമന്ത്രി എക്സില്‍ പറഞ്ഞു.

സൈനികന്റെ നടപടി ഏറെ അസ്വസ്ഥതയുളവാക്കുന്നതും വേദനാജനകവുമാണെന്ന് പ്രമുഖ യഹൂദ റാബി ഡോ. കെന്നെത്ത് ബ്രാൻഡർ പറഞ്ഞു. ഇത്തരം അവഹേളന പ്രവർത്തനങ്ങള്‍ ഇസ്രേലി സേനയുടെ ആദർശങ്ങള്‍ക്കും യഹൂദമതത്തിന്റെ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാക്ക്ഹാമർ ഉപയോഗിച്ച്‌ ഒരു സൈനികൻ ക്രൂശിതരൂപം തകർക്കുന്ന ചിത്രം പലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് എക്സിലൂടെ പങ്കുവച്ചത്. ഇത് സമൂഹമാധ്യമങ്ങളില് അതിവേഗം ചര്ച്ചയാകുകയായിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളില്‍നിന്നുപോലും കടുത്ത വിമർശനം ഉയർന്നിരുന്നു.

ലബനനില്‍ ആരംഭിച്ച യുദ്ധത്തിനുശേഷം ഡെബേല്‍ ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രേലി സൈന്യം പിടിച്ചെടുത്തിരുന്നു.