ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ചരക്ക് കപ്പൽ പിടിച്ചെടുത്ത് യുഎസ്

വാഷിംങ്ടൺ : ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ലംഘിച്ച ഇറാന്റെ ചരക്ക് കപ്പൽ യുഎസ് സേന പിടിച്ചെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഇറാനിയൻ കപ്പലായ ‘തുസ്ക’യാണ് അമേരിക്കയുടെ ഉപരോധം ലംഘിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടർന്ന് പിടിയിലായത്.

മലേഷ്യയിൽ നിന്നെത്തിയ ഏകദേശം 900 അടി നീളമുള്ള കപ്പൽ യുഎസ് നാവികസേന നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് യാത്ര തുടരുകയായിരുന്നു. ഇതോടെ കപ്പലിന്റെ എൻജിനിലേക്ക് വെടിയുതിർത്ത യുഎസ് സേന കപ്പൽ നിശ്ചലമാക്കുകയും തുടർന്ന് യുഎസ് മറൈൻ വിഭാഗം കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സേന പുറത്തുട്ടു.

ഇറാന്റെ കണ്ടെയ്നർ കപ്പൽ ഹോർമുസിൽവച്ച് യുഎസ് പിടിച്ചെടുത്തതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയതോടെ, പാക്കിസ്ഥാനിൽ ഇന്ന് നടക്കേണ്ട രണ്ടാംഘട്ട സമാധാന ചർച്ചയിൽ നിന്ന് പിന്മാറി ഇറാൻ. യുഎസ് എല്ലാ വെടിനിർത്തൽ ധാരണകളും ലംഘിച്ചെന്നും കപ്പൽ പിടിച്ചെടുത്തത് സായുധ കടൽക്കൊള്ളയാണെന്നും ഇറാൻ പ്രതികരിച്ചു.

യുഎസ് അനാവശ്യ നിബന്ധനകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും നിലപാട് അടിക്കടി മാറ്റുകയാണെന്നും ഹോർമുസിൽ ഇറാന്റെ കപ്പലുകളെ തടയുന്നത് അംഗീകരിക്കില്ലെന്നും പ്രതികരിച്ച ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകി.