മൂല്യമാണ് പാരിതോഷികങ്ങളുടെ പ്രസക്തി തീരുമാനിക്കുന്നത്.

അന്ന് മുത്തശ്ശിയുടെ പിറന്നാള്‍ ആയിരുന്നു.  പേരക്കുട്ടി ഒരു വലിയ സമ്മാനപ്പൊതിയുമായി വന്നു. 

അത് തുറന്ന് നോക്കിയ മുത്തശ്ശി അത്ഭുതപ്പെട്ടു.  ഒരു ഫുട്ബോള്‍.  എനിക്ക് ഇതുകൊണ്ട് എന്താണ് പ്രയോജനം മുത്തശ്ശി ചോദിച്ചു. 

അപ്പോള്‍ പേരക്കുട്ടി പറഞ്ഞു:  എന്റെ കഴിഞ്ഞ പിറന്നാളിന് വായിക്കാനറിയാത്ത എനിക്ക് മുത്തശ്ശി സമ്മാനം തന്നത് ഒരു പുസ്തകമായിരുന്നു.  അതെന്തിനായിരുന്നു?  മുത്തശ്ശി തനിക്ക് തെറ്റുപെറ്റിയെന്ന് സമ്മതിച്ചു. 

വേണ്ടത് കൊടുത്താലേ ആവശ്യത്തിന് ഉപകരിക്കൂ.  അല്ലാത്തതെല്ലാം മിച്ചം വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും. സമ്മാനവിതരണത്തിലെ ഏറ്റവും വലിയ പിഴവ് നല്‍കുന്ന വ്യക്തിക്ക് ഇഷ്ടപ്പെട്ടമുള്ളത് കൊടുക്കുന്നു എന്നതാണ്. 

സമ്മാനം, സമ്മാനമായി മാറുന്നത്  അത്  സ്വീകരിക്കുന്നവരില്‍ ആഹ്ലാദവും ആവേശവും ഉണര്‍ത്തുമ്പോഴാണ്.  സ്വീകരിക്കുന്നവന്റെ മനസ്സും ആവശ്യവും അറിഞ്ഞുവേണം നല്‍കാന്‍.  വിലയല്ല, മൂല്യമാണ് പാരിതോഷികങ്ങളുടെ പ്രസക്തി തീരുമാനിക്കുന്നത്. 

പാരിതോഷികങ്ങള്‍ അയാള്‍ക്കെങ്ങനെ ഉപകാരപ്പെടും എന്ന ചോദ്യത്തിന് ഉത്തരമുണ്ടെങ്കില്‍ അത് അന്തസ്സുളള ഉപഹാരമാണെന്ന് പറയാം.   ഒരു സമ്മാനം കൊടുക്കുമ്പോള്‍ തുറന്ന് നോക്കുന്നവന്റെ കണ്ണുകളില്‍ തിളക്കമുണ്ടെങ്കില്‍ ആ പൊതി ഒരു പ്രതീക്ഷയാകും. അല്ലെങ്കില്‍ അത് ബാധ്യതയാകും. 

നമുക്ക്, അന്തസ്സുളള സമ്മാനങ്ങള്‍ നല്‍കാം – ശുഭദിനം.