സഫാരി പാര്‍ക്കില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ 26 വയസ്സുകാരിയായ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയണ്‍ ആൻഡ് സഫാരി പാർക്കില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു.

കരാർ അടിസ്ഥാനത്തില്‍ പാർക്കില്‍ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ റെഡ്ഡി ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ ഹിപ്പോപ്പൊട്ടാമസിന്റെ കൂടിനുള്ളില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

ഗർഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിന് ചികിത്സ നല്‍കുന്നതിനായി കൂടിനുള്ളില്‍ കയറി പരിശോധിക്കുന്നതിനിടെ മൃഗം പെട്ടെന്ന് പ്രകോപിതയാവുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ സമീക്ഷയെ ഉടൻ തന്നെ ഷിമോഗയിലെ മെക്ഗാൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭകാലത്തെ ഹോർമോണ്‍ വ്യതിയാനങ്ങള്‍ മൂലം ഹിപ്പോപ്പൊട്ടാമസ് കൂടുതല്‍ ആക്രമണകാരിയായിരുന്നോ എന്ന് വിദഗ്ധർ പരിശോധിക്കുന്നുണ്ട്. സാധാരണഗതിയില്‍ ശാന്തസ്വഭാവക്കാരാണെങ്കിലും പ്രകോപിതരായാല്‍ ഹിപ്പോപ്പൊട്ടാമുകള്‍ അതീവ അപകടകാരികളാണ്.

സംഭവത്തില്‍ വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി സമയത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണോ ഡോക്ടർ കൂടിനുള്ളില്‍ പ്രവേശിച്ചത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സമീക്ഷയുടെ അപ്രതീക്ഷിത മരണം സഹപ്രവർത്തകരെയും നാട്ടുകാരെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. മൃഗശാലകളിലും സഫാരി പാർക്കുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോളുകള്‍ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.