‘മക്കളെ നിയന്ത്രിക്കുക, ഇല്ലെങ്കില്‍ വെടിവച്ചു കൊല്ലും!’; സ്വന്തം ജനതയ്ക്ക് നേരെ കൊലവിളിയുമായി ഐആര്‍ജിസി കമാൻഡര്‍

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ ഇറാൻ-യുഎസ്-ഇസ്രയേല്‍ സംഘർഷം പാരമ്യത്തിലെത്തിനില്‍ക്കെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ സലാർ അബ്നൂഷിന്റെ പ്രസ്താവന വിവാദമാകുന്നു.

പുറത്തുനിന്നുള്ള ഭീഷണികള്‍ നേരിടുന്നതിനൊപ്പം തന്നെ, ആഭ്യന്തരമായി പ്രതിഷേധിക്കുന്ന സ്വന്തം ജനതയ്ക്കെതിരെ അദ്ദേഹം ഉയർത്തിയ ഭീഷണിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചർച്ചയാകുന്നത്.

ഇറാനിലെ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് പറഞ്ഞത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു വിവാദ പരാമർശം.

ശത്രുക്കള്‍ പറയുന്നത് ആവർത്തിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ വെടിവച്ച്‌ കൊല്ലാൻ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നല്‍കി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്.