ജാസ്ലിയയുടെ മരണം: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍

കൊച്ചി: അങ്കമാലിയില്‍ കാറിടിച്ച്‌ വിദ്യാർത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഗമണ്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറും.

അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ഒളിവില്‍ കഴിയുകയായിരുന്ന സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചതിനും ഒളിത്താവളം ഒരുക്കി നല്‍കിയതിനും പിതാവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. ഇതിനിടെ പ്രതി കോട്ടയം സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷയും നല്‍കിയിരുന്നു.

നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകിയാണ്‌ പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ വിടവാങ്ങിയത്‌. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‌ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.