വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്.
ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പിൻഗാമിയാകുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൊജ്തബ ഖമനയിയെ ‘പൊള്ളയായ വ്യക്തി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഭാവിയില്‍ ഇറാനെ നയിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ നയങ്ങള്‍ പിന്തുടരുന്ന ഒരാളാണ് അധികാരത്തില്‍ വരുന്നതെങ്കില്‍, അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ മറ്റൊരു യുദ്ധത്തിന് അമേരിക്ക നിർബന്ധിതമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ ഇടപെട്ടതുപോലെ ഇറാന്റെ കാര്യത്തിലും അമേരിക്കയ്ക്ക് പങ്കുണ്ടാകണമെന്ന് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു. സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരു നേതാവാണ് ഇറാന് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലയില്‍ നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് ശേഷം നടന്ന രാഷ്ട്രീയ മാറ്റങ്ങളെ ട്രംപ് അഭിമുഖത്തില്‍ പരാമർശിച്ചു. മഡുറോയ്ക്ക് ശേഷം ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിശ്ചയിച്ചതുപോലെയുള്ള ഒരു ഇടപെടലാണ് ഇറാന്റെ കാര്യത്തിലും ട്രംപ് ലക്ഷ്യമിടുന്നത്.



