ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു.
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനേയിയുടെ മരണത്തില്‍ ഇറാനില്‍ നാല്‍പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി ഇസ്രയേല്‍ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.
ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
ആണവ കരാറിന് വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതല്‍ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇറാനില്‍ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതില്‍ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു.
മരണസംഖ്യ ഇനിയും ഉയർന്നേക്കും. ലക്ഷക്കണക്കിന് മലയാളികളുള്ള ഗള്‍ഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളവും കടുത്ത ആശങ്കയിലാണ്. ആക്രമണം നേരിട്ട മേഖലകളില്‍ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചു.



