ടെല്‍ അവീവ് / വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകള്‍ ശരിയാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഖമേനിയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഖമേനി മാത്രമല്ല, ഇറാന്റെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നത നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കള്‍ കൊല്ലപ്പെട്ടു. നിലവില്‍ തീരുമാനങ്ങള്‍ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ല,” ട്രംപ് കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് ട്രംപ് പിന്നീട് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിലും വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിനെയും ഇന്റലിജൻസ് സംവിധാനത്തെ മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് പിന്നാലെയാണ് ട്രംപും ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന തരത്തില്‍ അവകാശവാദമുന്നയിച്ചത്. ഇറാന്റെ സൈനിക-രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുപ്രധാന നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ഇല്ലാതായെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു
ഖമനയിയുടെ മരണവാർത്ത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകളും പുറത്ത് വരുന്നു. രണ്ട് ഉന്നത ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഖമനേയിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേലിന് ലഭിച്ചതായും, അത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കാണിച്ചുവെന്നുമാണ് റിപ്പോർട്ടുകള്‍. തകർന്ന വസതിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇസ്രായേല്‍ ടെലിവിഷൻ ചാനലുകള്‍ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തില്‍, “ഖമനേയി ഇനി നമ്മോടൊപ്പമില്ലെന്നതിന് നിരവധി സൂചനകളുണ്ട്” എന്ന് നെതന്യാഹു സൂചിപ്പിച്ചിരുന്നു. അതേസമയം, പരമോന്നത നേതാവും പ്രസിഡന്റും സുരക്ഷിതരാണെന്ന നിലപാടിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന് ശേഷം ഖമനേയി പൊതുസമ്മുഖത്തില് പ്രത്യക്ഷപ്പെടുകയോ വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു.
ഇറാന്റെ പ്രതിരോധ നേതൃത്വത്തെ “പൂർണ്ണമായും ഇല്ലാതാക്കി” എന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ അവകാശവാദം. സുരക്ഷാ ഉപദേശകൻ അലി ഷംഖാനി, ഐ.ആർ.ജി.സി. കമാൻഡർ മുഹമ്മദ് പാക്പൂർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ എന്നിവരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ഐഡിഎഫ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഖമനേയിയുടെ മരണവാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ജനം ആഹ്ലാദപ്രകടനം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ബിബിസി പേർഷ്യൻ, ടെഹ്റാനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോണ്‍ അടിച്ചും മുദ്രാവാക്യം വിളിച്ചും ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇസ്രയേലിന്റെയും അമേരിക്കയുടേയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി. ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.



