വാഷിങ്ടണ്‍: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ അതിശക്തമായ ശീതക്കാറ്റിന്റെ പിടിയിലായി. റെക്കോർഡ് തലത്തിലുള്ള മഞ്ഞുവീഴ്ച നഗര-ഗ്രാമ മേഖലകളെ ഒരുപോലെ സ്തംഭിപ്പിച്ചു.
കാറ്റിന്റെ വേഗം കുറയുന്ന ഘട്ടത്തിലേക്കെത്തിയാലും യാത്ര, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ദിവസങ്ങളോളം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
വിർജീനിയ മുതല്‍ മസാച്യുസെറ്റ്സ് വരെ വ്യാപിച്ച മേഖലയില്‍ ഐസ് പാളികള്‍ രൂപപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 40 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു. യാത്രാ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ അടച്ചിടല്‍, പൊതുഗതാഗതം നിർത്തിവെക്കല്‍ എന്നിവ പല സംസ്ഥാനങ്ങളിലും നടപ്പാക്കി. ന്യൂയോർക്ക് നഗരത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച വരെ ഏകദേശം 50 സെന്റീമീറ്റർ കനത്തില്‍ മഞ്ഞുവീണു. സെൻട്രല്‍ പാർക്ക് പരിസരങ്ങള്‍ പൂർണമായും മഞ്ഞിനടിയിലായി.
നാഷണല്‍ വെതർ സർവീസ് പുറത്തുവിട്ട റിപ്പോർട്ടില്‍ ലോംഗ് ഐലൻഡ് ഭാഗങ്ങളില്‍ 22 ഇഞ്ചിന് മുകളില്‍ മഞ്ഞുവീണതായി പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പതിനായിരത്തിലധികം വിമാന സർവീസുകള്‍ റദ്ദാക്കി. ന്യൂജേഴ്‌സിയില്‍ മാത്രം ഏകദേശം 90,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. ഡെലവെയർ, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിലും പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമല്ല.
ഈ ശീതക്കാറ്റിനെ ഗവേഷകർ “ബോംബ് സൈക്ലോണ്‍” (ബോംബ് ചുഴലിക്കാറ്റ്) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റിന്റെ കേന്ദ്രമർദം കുറഞ്ഞത് 24 മില്ലിബാർ കുറയുമ്പോഴാണ് ഇത്തരം ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. മർദം വേഗത്തില്‍ താഴുമ്പോള്‍ കൊടുങ്കാറ്റിന്റെ അക്രമാസക്തതയും അതനുസരിച്ച് ഉയരും. സാധാരണ ശൈത്യകാല പ്രതിഭാസമല്ല; അപൂർവവും അതീവ ശക്തവുമായ അന്തരീക്ഷ വ്യതിയാനത്തിന്റെ ഫലമാണ് ഇതെന്നാണ് വിദഗ്ധ വിലയിരുത്തല്‍.
കാനഡയില്‍ നിന്ന് ഉത്ഭവിച്ച് വടക്കുകിഴക്കൻ അമേരിക്കയിലേക്ക് കുതിച്ചെത്തിയ ആർട്ടിക് തണുത്ത വായുവാണ് കൊടുങ്കാറ്റിനെ രൂക്ഷമാക്കിയ പ്രധാന ഘടകം. കൊടുങ്കാറ്റിന് മുൻപേ തന്നെ ഈ തണുപ്പ് വ്യാപകമായി എത്തിയതോടെ താപനില ഫ്രീസിങ് ലെവലിനും താഴെയായി. ഇതാണ് മഴ മഞ്ഞായി മാറാനും കട്ടിയുള്ള ഐസ് പാളികള്‍ രൂപപ്പെടാനും കാരണമായത്.
അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ സംവിധാനവും തീവ്രത വർധിപ്പിച്ചു. സമുദ്രത്തില്‍ നിന്ന് ഉയർന്ന തോതില്‍ ഈർപ്പം അന്തരീക്ഷത്തിലേക്ക് എത്തിയതോടെ ചൂടും ഈർപ്പവും നിറഞ്ഞ വായു തണുത്ത ആർട്ടിക് വായുവുമായി കലർന്നു. ഈ സംയോജനമാണ് ശക്തമായ മഞ്ഞുവീഴ്ചക്കും വ്യാപകമായ ഐസിംഗിനും വഴിവച്ചത്.
അടുത്ത ദിവസങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.



