പ്രാഞ്ചിയേട്ടന്മാരുടെ ലോക കേരള സഭ…

കാരൂര്‍ സോമന്‍
(ചാരുംമൂടന്‍)

കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണക്കിന് പാവങ്ങളുടെ നികുതിപ്പണ മെടുത്തു നടത്തുന്ന ഈ ധൂര്‍ത്തിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ അഗ്‌നികോണില്‍ നിന്ന് ഉദിച്ചുയര്‍ന്ന നിസ്സംഗത, വിഷാദത്തിന്റെ വിരാടരൂപം പ്രവാസികള്‍ മനസ്സിലാക്കിയിട്ടുണ്ട്.

കേരളം ഒന്നാം നമ്പരെന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതുപോലെ പ്രവാസികളുടെ മുന്നില്‍ തീപ്പൊരി പ്രസംഗം നടത്തി അവരുടെ വയര്‍ നിറച്ചതല്ലാതെ പ്രവാസി സമൂഹത്തിന്റെ വിചാരധാരയില്‍ നിന്ന് പഠിച്ചാല്‍ ഈ സംഘടനകൊണ്ട് എന്ത് ക്ഷേമ പദ്ധതികളാണ് പ്രവാസികള്‍ക്ക് ലഭ്യമായത്? 2022-ലും 2024-ലും പ്രവാസികളെ അറിയിച്ചത് പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അധികാരികളെ അറിയിച്ചിട്ട് പ്രശ്‌ന പരിഹാരം കാണുമെന്നാണ്. അധികാരികളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടില്ലെങ്കില്‍ മഹാവാഗ്ദാനങ്ങള്‍ക്ക് എന്ത് പ്രസക്തി? ഓരോ രാജ്യങ്ങളിലുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാര ഓട്ടത്തിന് പിന്നിലെ യജ്ഞം ആ വ്യക്തിയെ അനശ്വരനാക്കുന്നത് എവിടെയാണ്?

പ്രവാസി സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ ഭരണകൂടങ്ങള്‍ വഴി പരിഹാരം കാണാനാ ണല്ലോ ഈ സംഘടനയുണ്ടാക്കിയത്. പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ ഓരോ രാജ്യങ്ങളില്‍ മലയാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്തെല്ലാം പ്രശ്‌നങ്ങളാണ് ഇവര്‍ പരിഹരിച്ചത്? അറിയാത്തവര്‍ക്കറിയാന്‍ അതെല്ലാം സ്വദേശ വിദേശ മാധ്യമങ്ങളില്‍ പ്രസിദ്ധികരിക്കാമോ? വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍, തന്‍മൂലം ജോലി നഷ്ടപ്പെട്ടവര്‍, നാട്ടിലേക്ക് മടങ്ങിപോകുന്നവര്‍, കേരളത്തില്‍ ബാങ്ക് ജപ്തി ഭീഷണി നേരിടുന്ന പ്രവാസികള്‍, പ്രവാസികളുടെ പുനരധിവാസം, ക്ഷേമ പെന്‍ഷന്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി കലാസാഹിത്യ രംഗത്തുള്ളവരോട്, മാധ്യമങ്ങളോടുമുള്ള ചിറ്റമ്മ നയം, സാംസ്‌കാരിക മുരടിപ്പ്, പ്രവാസിയുടെ ആരോഗ്യം, സ്ത്രീകള്‍ നേരിടുന്ന വിഷമങ്ങള്‍, തൊഴില്‍ മേഖലകളിലെ ദുരിതങ്ങള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, കേരളത്തിലെ തട്ടിപ്പ് ഏജന്‍സികള്‍ വഴി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍, എംബസ്സികള്‍ അധികഫീസ് ഈടാക്കുന്നത്, എംബസ്സികളുടെ കാര്യക്ഷമത, (ഇംഗ്ലണ്ടില്‍ ഒരു രോഗി ഡോക്ടറെ കാണാന്‍ ആഴ്ചകള്‍ കാത്തിരിക്കുന്നതുപോലെയാണ് ലണ്ടന്‍ ഹൈകമ്മീഷനില്‍ ഒരാവശ്യവുമായി ആപ്ലിക്കേഷന്‍ കൊടുത്താല്‍ ഒരു മാസമായാലും ദര്‍ശനം ലഭിക്കാറില്ല) സ്വദേശികളുടെ ആക്രമണങ്ങള്‍, ജന്മനാട്ടിലെ വീട്, വസ്തുക്കള്‍ക്ക് സുരക്ഷയില്ലായ്മ തുടങ്ങി എത്രയോ നീറുന്ന വിഷയങ്ങളിലൂടെയാണ് പ്രവാസികള്‍ കടന്നുപോകുന്നത്. ഇവിടെയെല്ലാം എന്ത് പൊളിച്ചെഴുത്തലുകളാണ് ഈ മഹാസഭ നടത്തിയിട്ടുള്ളത്?

പ്രവാസികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന നുണപ്രചാരവേലകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. ഒരു പിടി രാഷ്ട്രീയക്കാരുടെ അഭയ കേന്ദ്രങ്ങളാണല്ലോ വിദേശ രാജ്യങ്ങള്‍. അവര്‍ക്ക് പച്ചപരവതാനി വിരി ക്കാന്‍ കുറെ വിദ്വാന്മാരുമുണ്ട്. അധികാരശക്തികളുടെ നിര്‍ണ്ണയാകമായ സ്വാധീന താല്പര്യാടിസ്ഥാനത്തില്‍ സ്വാര്‍ഥരും, അധികാരമോഹികളും കാലികമായ അടവുകളുമായി ഓരോ സംഘടനകളുണ്ടാക്കി സമ്പന്നരെ കണ്ടെത്താനും, വോട്ട് പെട്ടി നിറക്കാനും, വിദേശ യാത്രകള്‍ നടത്താനും, സദസ്സുകളുണ്ടാക്കാനും, മുഖ സ്തുതികൊണ്ട് വ്യക്തി വിശേഷണങ്ങള്‍ കേള്‍ക്കാനും നടത്തുന്ന ഈ മാമാങ്കം എന്തിനാണ്? വിദേശ നിക്ഷേപ ധാരണാപത്രത്തില്‍ ഒപ്പുവെച്ചല്ലോ. ഈ കൂട്ടരില്‍ നിന്ന് എത്ര നിക്ഷേപം കേരളത്തിന് ലഭിച്ചു?

ചെറിയാന്‍ ഫിലിപ്പിന്റെ പരിഹാസം ലിബറല്‍ ബുദ്ധിജീവികളും ചിന്തിക്കുന്ന കാര്യമാണ്. അദ്ദേഹം പറയുന്നത് പ്രവാസികളുടെ സാമൂഹ്യവികാസവുമായി ഇതിനൊരു ബന്ധവുമില്ല. ഈ ലോക കേരള സഭയു ണ്ടാക്കിയത് തെരഞ്ഞെടുപ്പുകളില്‍ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. പിന്‍വാതിലില്‍ വഴിവരുന്ന ഈ പ്രാഞ്ചിയേട്ടന്മാരുടെ സഭ പ്രവാസി മലയാളികളുടെ പരിച്ഛേദമോ പ്രാതിനിധിയോ അല്ല. എല്ലാം മേളകളിലും കോട്ടും സ്യൂട്ടുമണിഞ്ഞ വിഭവ സമൃദ്ധമായ സദ്യയുണ്ണാനെത്തുന്ന ഒരേ മുഖങ്ങള്‍. ഇതിലൂടെ പ്രവാസികള്‍ മനസ്സിലാക്കുന്നത് ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.പാവങ്ങളുടെ പണം ചിലവാക്കി ഈ ധൂര്‍ത്തു് നടത്താതെ ഇതില്‍ പങ്കെടുക്കുന്നവര്‍ സ്വയം ചില വുകള്‍ വഹിക്കുകയാണ് വേണ്ടത്. കേരള ഖജനാവ് ധൂര്‍ത്തടിക്കരുത്. അടുത്ത അധികാരം വീണ്ടെടുക്കാന്‍ കാത്തിരിക്കുന്നവര്‍ എത്ര രാജഭക്ത ഗ്രൂപ്പുകള്‍ ഉണ്ടാക്കുമോ?

പ്രവാസികളുടെ പുരോഗമനപരമായ ഒരു മുന്നേറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ ഏര്‍പ്പെടുന്ന നയപരിപാടികളില്‍ ഒരു പ്രതിബദ്ധത കാണും.വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ കൂട്ടരുടെ മികച്ച സംഭാ വനകള്‍ എന്താണ്? ഭരണഘടനാപരമായ യാതൊരു അവകാശങ്ങളുമില്ലാത്ത ഇതുപോലുള്ള സംഘടനകള്‍ ജനസമിതിയുള്ളവരോ അതോ ആശ്രിതവത്വത്തില്‍ സ്വകാര്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരോ അല്ലെന്ന് പറയാന്‍ സാധിക്കുമോ? ദുരിതമനുഭവിക്കുന്ന പ്രവാസികളും പ്രാഞ്ചിയേട്ടന്മാരും തമ്മില്‍ വളരെയകലത്തി ലാണ്. സ്വാര്‍ത്ഥലാഭത്തിനായുള്ള പരക്കംപാച്ചിലില്‍ മറ്റുള്ളവരുടെ ദുഃഖദുരിതങ്ങള്‍ കാണുന്നതിനേക്കാള്‍ അധികാരികളുടെ അംഗീകാരത്തിനുള്ള ഓട്ടമാണ്. ഉന്നതമായ ധാര്‍മ്മികബോധമില്ലാത്തവര്‍ വളരെ ലാഘവ ബുദ്ധിയോടെ വോട്ടുപെട്ടി നിറയ്ക്കാന്‍ ചെയ്യുന്ന തട്ടിക്കൂട്ട് പദ്ധതികള്‍, സംഘടനകള്‍ വ്യര്‍ഥമായ പരിശ്രമങ്ങളാണ്.

മാനവപുരോഗതിയിലേക്ക് മനുഷ്യരെ നയിക്കുമ്പോള്‍ അശരണന്റെ, ആലംബഹീനരുടെ പ്രശ്‌നങ്ങ ള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാത്തവരെ, മറ്റുള്ളവരെ പുച്ഛിക്കുന്ന സമ്പത്തുള്ള അരാഷ്ട്രീയക്കാരെയല്ല പ്രവാസികള്‍ക്ക് ആവശ്യം. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് മാനുഷിക ശുദ്ധികരണം നടത്താതെ സാംസ്‌കാരികമായ ഒരു പുരോഗതിയും സ്വദേശത്തും വിദേശത്തും നടത്താനാകില്ല.മാധ്യമങ്ങളിലൂടെ കുറെ ചെണ്ടമേളം നടത്തി വാഴ്ത്തുപാട്ടുകളും കുറെ ഫോട്ടോകളും പടച്ചിറക്കിയാല്‍, കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാല്‍ കാലത്തിന്റെ ജീര്‍ണ്ണത മാത്രമല്ല പാവം പ്രവാസികള്‍ക്ക് ഒരു ക്ഷേമവുമുണ്ടാകില്ല.

www.karoorsoman.net

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*