തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. പ്രത്യേകിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വമ്പൻ പദ്ധതികൾ കേരളത്തിനായി പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തിയിരുന്നു.
എന്നാൽ പ്രഖ്യാപനങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോഴും കേരളത്തിന്റെ പേര് പരാമർശിക്കപ്പെട്ടത് പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും ഭാഗമായാണ്. ഒഡീഷയ്‌ക്കൊപ്പം കേരളത്തിലും കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ സംരക്ഷിക്കാനും അവയെ അടിസ്ഥാനമാക്കി ഇക്കോ ടൂറിസം വികസിപ്പിക്കാനുമുള്ള ‘ടർട്ടിൽ ട്രയൽസ്’ പദ്ധതിയാണ് ബജറ്റിലെ കേരളത്തിനുള്ള പ്രധാന വിഹിതമായി മാറിയത്.
കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, ശബരി റെയിൽ പാത, സിൽവർ ലൈൻ തുടങ്ങിയ വൻകിട പദ്ധതികളെക്കുറിച്ച് ബജറ്റിൽ മൗനം പാലിച്ചതാണ് പലരേയും പ്രകോപിപ്പിച്ചത്. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും വലിയ പാക്കേജുകൾ ലഭിച്ചപ്പോൾ കേരളത്തിന് കേവലം ആമ സംരക്ഷണം മാത്രം നൽകിയത് അവഗണനയുടെ പാരമ്യമാണെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 21,000 കോടിയുടെ പ്രത്യേക പാക്കേജിനെക്കുറിച്ചോ സാമ്പത്തിക പരിധിയെക്കുറിച്ചോ ബജറ്റിൽ സൂചനകളൊന്നുമില്ല. ഇതോടെ വികസന കാര്യങ്ങളിൽ കേരളം വീണ്ടും തഴയപ്പെട്ടുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ബജറ്റ് പ്രസംഗം കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മലയാളികളുടെ ട്രോൾ പ്രവാഹമാണ്. ‘എയിംസ് ചോദിച്ചപ്പോൾ ആമയെ കിട്ടി’, ‘ഇനി വികസനം ആമവേഗതയിലാകും’, ‘കേരളത്തിലെ ജനങ്ങൾ ആമയെ തിന്നണോ?’ തുടങ്ങി ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നൂറുകണക്കിന് ട്രോളുകളാണ് പ്രചരിക്കുന്നത്. നിർമ്മല സീതാരാമന്റെ കയ്യിൽ നിന്നും കടലാമക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങുന്ന മലയാളിയുടെ ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു. വൻകിട വ്യവസായങ്ങളും മെട്രോ വികസനവും സ്വപ്നം കണ്ടിരുന്നവർക്ക് മുൻപിൽ കടലാമ സംരക്ഷണം അവതരിപ്പിച്ചത് ഐറണിയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.




