തെക്കൻ ഫിലിപ്പീൻസില്‍ 350-ഓളം യാത്രക്കാരുമായി പോയ ‘MV തൃഷ കേർസ്റ്റിൻ 3’ എന്ന ബോട്ട് മുങ്ങി 15 പേർ മരിച്ചു.
നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവർക്കായി ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ വൻ തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 332 യാത്രക്കാരും 27 ജീവനക്കാരുമുള്ള ബോട്ട് തിങ്കളാഴ്ച പുലർച്ചെ 1:50 ന് സാംബോംഗ സിറ്റിയില്‍ നിന്ന് പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം അപകടത്തില്‍പ്പെടുകയായിരുന്നു.
ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപ് ഗ്രാമത്തില്‍ നിന്ന് ഏകദേശം 1 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 2 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ഒരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.



