വെനിസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്; പ്രതികരണവുമായി റഷ്യ

കാരാക്കസ്: അന്താരാഷ്ട്ര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും വേനസ്വേലയും തമ്മിലുള്ള സൈനിക-രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. വേനസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പൽ നോർത്ത് അറ്റ്ലാന്റിക്കിൽ വച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും സൈന്യവും പിടിച്ചെടുത്തതായി റിപ്പോർട്ട്. യുഎസ് നീക്കത്തിനു പിന്നാലെ കപ്പലിന് സുരക്ഷയൊരുക്കാൻ റഷ്യ തങ്ങളുടെ അന്തർവാഹിനികൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്.

ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് ‘മാരിനേര’ (ബെല്ല 1) എന്ന കപ്പലാണ് ഐസ്‌ലൻഡിന് സമീപം വച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. പ്രതിരോധത്തിനായി റഷ്യ തങ്ങളുടെ അത്യാധുനിക അന്തർവാഹിനികളും നാവിക സേനയെയും വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസംബറിൽ യുഎസ് കോസ്റ്റ് ഗാർഡ് റഷ്യൻ പതാക വഹിച്ച ടാങ്കർ പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. മറ്റു സ്റ്റേറ്റുകളുടെ അധികാരപരിധിയിൽ ശരിയായി രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ വേറൊരു സ്റ്റേറ്റിനും അവകാശമില്ലെന്ന് യുഎസ് നീക്കത്തോട് പ്രതികരിച്ച് റഷ്യൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 

യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് എം/വി ബെല്ല 1 പിടിച്ചെടുക്കുന്നതായി യുഎസ് നീതിന്യായ വകുപ്പും ഹോംലാൻഡ് സെക്യൂരിറ്റിയും പ്രഖ്യാപിച്ചതായി യുഎസ് യൂറോപ്യൻ കമാൻഡ് ബുധനാഴ്ച അറിയിച്ചു. യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച വാറണ്ട് അനുസരിച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്നും യുഎസ് യൂറോപ്യൻ കമാൻഡ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

പശ്ചിമാർഗ്ഗത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ നിരോധിത കപ്പലുകളെ ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന നടപടിയാണുണ്ടായതെന്നും യുഎസ് യൂറോപ്യൻ കമാൻഡ് കൂട്ടിച്ചേർത്തു. വാർ ഡിപ്പാർട്ട്‌മെന്റിന്റെ പിന്തുണയോടെ ഡിഎച്ച്എസ് ഘടകങ്ങളാണ് ഓപ്പറേഷൻ നടത്തിയത്.  മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റ് സമീപനമാണ് ഇത് പ്രകടമാക്കുന്നതെന്നും യുഎസ് യൂറോപ്യൻ കമാൻഡ് പറഞ്ഞു.