ഖമനേയിയെ പുറത്താക്കുമെന്ന് പ്രക്ഷോഭകര്‍; ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു, 35 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലുകളില്‍ 35 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ള വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 29 പ്ര​ക്ഷോ​ഭ​ക​രും നാ​ല് കു​ട്ടി​ക​ളും ര​ണ്ട് സേ​നാം​ഗ​ങ്ങ​ളു​മാ​ണ് പ്ര​​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് മ​രി​ച്ച​ത്. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളോ വി​വ​ര​ങ്ങ​ളോ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​ലാം പ്ര​വി​ശ്യ​യി​ൽ പ്ര​ക്ഷോ​ഭ​ക​രെ തേ​ടി​യെ​ത്തി​യ ഇ​റാ​ൻ സേ​ന ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളെ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് വി​മ​ർ​ശി​ച്ചു.

ആയിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായും വിവരം പുറത്തുവന്നിട്ടുണ്ട്. കുത്തനെ ഉയർന്ന വിലക്കയറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇറാനില്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക നാഡികേന്ദ്രമായ ടെഹ്റാൻ ഗ്രാൻഡ് ബസാറിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സംഘർഷം ഏറ്റവും രൂക്ഷമായിരിക്കുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ സേന കണ്ണീർവാതകവും വെടിവെപ്പും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ഇലാം പ്രവിശ്യയിലെ മാലെക്ഷാഹി ജില്ലയില്‍ നടന്ന വെടിവെപ്പില്‍ ആറു പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ പ്രതിഷേധക്കാരെ പിടികൂടാൻ ആശുപത്രികളില്‍ സുരക്ഷാ സേന റെയ്ഡുകള്‍ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ വെടിയേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാനിയൻ അധികൃതർ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രതിമാസ ധനസഹായ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം ശമിപ്പിക്കാൻ അത് പര്യാപ്തമായില്ല. മറുവശത്ത്, ‘കലാപകാരികള്‍ക്ക്’ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഇറാൻ ജുഡീഷ്യറി തലവൻ കടുത്ത മുന്നറിയിപ്പ് നല്‍കി.

2022-23 കാലഘട്ടത്തില്‍ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ വൻ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിത്. ഡിസംബർ 28-ന് ടെഹ്റാൻ ഗ്രാൻഡ് ബസാറിലെ വ്യാപാരികള്‍ ആരംഭിച്ച കടയടപ്പ് സമരം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച്‌ കുർദ്, ലോർ ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന പടിഞ്ഞാറൻ ഇറാനിലേക്ക് വ്യാപിക്കുകയായിരുന്നു.

ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചതാണ് പുതിയ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നത്. തുടർന്നു സുരക്ഷാ സേനയുടെ അടിച്ചമർത്തലിനെതിരെയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്കെതിരെയും പ്രതിഷേധം തുറന്ന വെല്ലുവിളിയായി മാറി.

“ഇതാണ് അവസാന സന്ദേശം, ഭരണകൂടം തന്നെയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത്. ഭരണകൂടം മാറ്റണമെന്നും, അടിച്ചമർത്തലില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നുമുള്ള ആവശ്യങ്ങള്‍ക്കൊപ്പം, പഴയ രാജഭരണത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. ഖമനേയിയെ പുറത്താക്കുമെന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ നല്‍കുന്നു.

അതേസമയം, പ്രതിഷേധങ്ങള്‍ അടിച്ചമർത്താൻ ഇറാഖിലെ ഷിയാ സായുധ സംഘങ്ങളെ ഇറാനിലേക്ക് എത്തിച്ചെന്ന ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. തീർത്ഥാടകരെന്ന വ്യാജേന ഏകദേശം 800 ഇറാഖി മിലിഷ്യ അംഗങ്ങളെ ഇറാനിലേക്ക് കടത്തിയതായും അവർ അഹ്വാസിലെ സൈനിക താവളത്തെ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.