പറന്നുയർന്നു, പിന്നാലെ കൂട്ടിയിടിച്ചു; ഹെലികോപ്‌ടർ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം

ന്യൂജേഴ്‌സി: രണ്ട് ഹെലികോപ്‌ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഹാമണ്ടൺ മുൻസിപ്പൽ വിമാനത്താവളത്തിന് സമീപം ഇന്നലെയായിരുന്നു (ഡിസംബർ 28) സംഭവം. അപകടത്തിൻ്റെ കാരണത്തെക്കുറിച്ച് ഫെഡറൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഫെഡറൽ എവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച് എൻസ്‌ട്രോം എഫ്-28എ, എൻസ്‌ട്രാം 280 എന്നീ ഹെലികോപ്‌ടറുകളാണ് കൂട്ടിയിടിച്ചത്. ഹെലികോപ്‌ടറുകൾ പറന്നുയർന്നതിന് ശേഷമാണ് കൂട്ടിയിടിച്ചത്. സംഭവം നടക്കുമ്പോൾ പൈലറ്റുമാർ മാത്രമേ ഹെലികോപ്‌ടറുകളിൽ ഉണ്ടായിരുന്നുള്ളൂ.

ഹാമണ്ടണിലെ ഒരു പ്രദേശത്താണ് രണ്ട് ഹെലികോപ്‌ടറുകളും തകർന്നുവീണത്. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇരുവരെയും അടുത്തുള്ള ട്രോമ സെൻ്ററിലേക്ക് ഹെലികോപ്‌ടറിൽ കൊണ്ടുപോയതായി ഹാമണ്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഷോൺ മാക്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ പൈലറ്റുമാരിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ട്രോമ സെൻ്ററിൽ എത്തിച്ചതിനു ശേഷമാണ് ഒരാൾ മരിച്ചത്. അപകടത്തെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തേക്ക് അന്വഷണ സംഘത്തെ അയച്ചതായും ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു.

ഫ്ലൈറ്റ് ട്രാക്ക് ഡാറ്റ, ഹെലികോപ്‌ടറിന്‍റെ അറ്റകുറ്റ പണിയുടെ വിവരങ്ങൾ, എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയങ്ങൾ, സാക്ഷികളുടെ മൊഴി എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ പരിശോധിക്കുമെന്ന് ഏജൻസി അറിയിച്ചു. രണ്ട് ഹെലികോപ്‌ടറുകളുടെയും അവശിഷ്‌ടങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിലയിരുത്തലിനായി അവയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് എൻടിഎസ്ബി പറഞ്ഞു. അതേസമയം ന്യൂജേഴ്‌സി സെനറ്റർ കോറി ബുക്കർ തൻ്റെ ഓഫിസ് ഫെഡറൽ അന്വേഷകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നുണ്ടെന്നും പറഞ്ഞു.

“സൗത്ത് ജേഴ്‌സിയിലൂണ്ടായ ഹെലികോപ്‌ടർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ അധികം ദുഃഖകരമാണ്. എൻ്റെ ദുഃഖം ദുരന്തബാധിതരോടും അവരുടെ കുടുംബങ്ങളോടും രേഖപ്പെടുത്തുന്നു. എൻ്റെ ഓഫിസ് എൻടിഎസ്‌ബിയുമായി ബന്ധപ്പെടുകയും ഈ ദുരന്തത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തേടുന്നുണ്ട്,” ബുക്കർ എക്‌സിൽ കുറിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും