ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്ക് തീപ്പിടിച്ചു; ഒരുമരണം; അപകടം ആന്ധ്രയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപ്പിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്കാണ് തീപിടിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒരാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ പേര് ചന്ദ്രശേഖർ സുന്ദരം എന്നാണെന്ന് റെയില്‍വെ അറിയിച്ചു.

ഇന്ന് പുലർച്ചെ 12.45 ഓടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിശാഖപട്ടണത്തില്‍ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.

തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളിലായി ആകെ 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കോച്ചില്‍ 82 പേരും മറ്റൊന്നില്‍ 76 പേരുമുണ്ടായിരുന്നു.

തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് B1 കോച്ചില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച കോച്ചുകള്‍ ട്രെയിനില്‍ നിന്ന് വേർപ്പെടുത്തി.

തുടർന്ന് ട്രെയിൻ എറണാകുളത്തേക്ക് യാത്ര തുടർന്നു. തീപിടിച്ച കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റെയില്‍വേ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ രണ്ട് ഫോറൻസിക് ടീമുകള്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും