പെന്തക്കോസ്തിൻ്റെ മുഴക്കമോ? കാലികളുടെ മുക്കറയോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കേരളത്തിൻ്റെ മണ്ണിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭങ്ങളിൽ പെന്തക്കോസ്തിൻ്റെ മുഴക്കം മുഴങ്ങുവാൻ തുടങ്ങി. ഈ മുഴക്കം കേട്ടുകൊണ്ട് അന്ന് മാളിക മുറിയിലേക്ക് ജനം കൂടിയത് പോലെ കൂടുവാൻ തുടങ്ങി. വചനത്തിലെ ഉപദേശങ്ങൾ പരിശുദ്ധാത്മാവിൽ സംസാരിച്ചപ്പോൾ തിരിച്ചറിഞ്ഞ ജീവിതങ്ങൾ അത് മാറോട് ചേർത്തു പിടിച്ചു. ആത്മാവിൻ്റെ ആരാധനയും വചനത്തിൻ്റെ വെളിപ്പാടുകളും ഏറ്റെടുത്തുകൊണ്ട് ജനം മൂടുപടങ്ങൾ വലിച്ചു കീറി. പദവിയും, പട്ടും, പാരമ്പര്യവും അറബി കടലിലേക്ക് വലിച്ചെറിഞ്ഞു. പിതാക്കന്മാർ നിന്ദ സഹിച്ചു, സമൂഹത്തിൽ ഒറ്റപ്പെട്ടു.

കുടുംബത്തിൽ അറയ്ക്കപ്പെട്ടവർ ആയി മാറി. കാലം മാറി, കോലം മാറി. പെന്തക്കോസ്തിന് പുഷ്ടി വെച്ച് , കനത്ത് തടിച്ചപ്പോൾ ദൈവത്തോട് ഉതയ്ക്കുവാനും, ത്യജിക്കുവാനും തുടങ്ങി. ഗേഹസി പോക്കറ്റുകൾ വലുതായി, പരിശുദ്ധാത്മാവ് നഷ്ടപ്പെട്ടു. കെട്ടിടങ്ങൾ തലപൊക്കി, കൽപ്പനകൾ അനുസരിക്കുവാൻ നാം മറന്നുപോയി. ആള് കൂടിയപ്പോൾ അരുതാത്തതും, അശുദ്ധിയും സ്ഥാനംപിടിച്ചു. സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചവരുടെ പിൻതലമുറ യേശുവിനെ കഷണങ്ങളാക്കി വിൽക്കുവാൻ തുടങ്ങി.

വല്ലവിധേനയും പുനരുദ്ധാനം പ്രാപിക്കണമെന്ന് ഭക്തനായ പൗലോസ് തൊണ്ടയിടറികൊണ്ട് പറഞ്ഞപ്പോൾ, ഇന്ന് ആഗ്രഹം വല്ലവിധേനയും, പത്ത് പുത്തൻ ഉണ്ടാക്കണം, കസേരകൾ ഉറപ്പിക്കണ എന്നതിലേക്ക് മാറി. കൃപയുടെ ഭണ്ഠാരം ചോർന്നുപോയി കാശിൻ്റെ ഭണ്ഠാരം നിറഞ്ഞു കവിഞ്ഞു. എല്ലാം ദൈവാനുഗ്രഹമെന്ന് എഴുതി ചേർത്തു . നന്ദി യേശുവേ എന്നുള്ള പാട്ടും പാടി.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയും, ക്രൈസ്തവ മതങ്ങളെയും വിരൽചൂണ്ടിയ പെന്തക്കോസുകാർ ഇന്ന് ലജ്ജിക്കണം. നാം അവരോട് ക്ഷമ ചോദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രവർത്തികൾ വിശുദ്ധ പുസ്തകവുമായി ഭാരതപ്പുഴയുടെ നീളത്തേക്കാൾ അകലത്തിലാണ് . കാല് വെട്ടും, കസേരകളിയും, കാശ് കൊണ്ടുള്ള വോട്ട് പിടുത്തവും അവസാനിക്കട്ടെ. ഒത്തിരി ദൂരത്തിന് എങ്ങും പോകണ്ട. കേരളത്തിൻ്റെ മണ്ണിൽ പാവപ്പെട്ട ദൈവദാസന്മാർ, വിശ്വാസികൾ വിശ്വാസം ത്യജിച്ച് ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ത് ? നാം ദൈവത്തിൻ്റെ കോടതിയിൽ ഉത്തരം കൊടുക്കേണ്ടിവരും.

പന്തലിൻ്റെ കുറ്റിയെക്കാൾ പരിശുദ്ധാത്മാവ് ഉണ്ടോ എന്ന ഒരു അവലോകനം നമുക്ക് നടത്താം. ഒരു കരച്ചിലോടെ, അനുതാപത്തോടെ ദൈവസഭ മടങ്ങി വരണം. ലജ്ജയായതിൽ മാനം തോന്നുന്ന, ചർദ്ദിയിലേക്ക് തിരിയുന്ന പന്നിയെ പോലെ ഇരുട്ടിൻ്റെ പ്രവർത്തികൾക്ക് ഇടം ഇനി ഒരിക്കലും ഒരുക്കരുത്. എല്ലാ തരികിട പണിയും, തന്ത്രവും മെനഞ്ഞതിനു ശേഷം സ്റ്റേജുകളിൽ ഓട്ടം തുള്ളലും, കബഡികളിയും നടത്തി ജനത്തെ ഇളക്കുന്ന, മുതുകാട് വേഷം കെട്ട് എന്തിന്? ദൈവം കാണുന്നു ഇതൊക്കെ.

പ്രസ്ഥാനം എത്ര വലുതെന്ന് തോന്നിയാലും, പ്രവർത്തിയില്ലാത്ത വിശ്വാസവും, തരംതാണ വർത്തമാനങ്ങളും പ്രസ്ഥാനത്തെ ചെറു വള്ളം പോലെ മുക്കിക്കൊണ്ടിരിക്കുകയാണ്. പ്രൈസ് ആൻഡ് വർഷിപ്പ് എന്ന കലാപരിപാടിയേക്കാൾ പ്രമാണവും, വിശുദ്ധിയും അടിസ്ഥാനമായി മാറട്ടെ. പ്രസംഗത്തേക്കാൾ, പ്രാർത്ഥനയും, ആശീർവാദത്തേക്കാൾ, അനുസരണവും നമുക്ക് ആവശ്യം എന്ന് ദൈവ ദാസന്മാർ തിരിച്ചറിയട്ടെ. കൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തുവാൻ ഓടുന്നതിൽ ഉപരിയായി, കുറ്റബോധമുള്ള മനസ്സും, പാളയം ശുദ്ധിയുള്ളതും ആകുവാൻ ഉള്ള ആഹ്വാനം മുഴങ്ങട്ടെ. ആലയത്തിൽ ഉസിയാവ് കളിക്കാതെ ഉയർപ്പിൻ്റ ശക്തിയ്ക്കായി കൊതിക്കാം.

സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സുവയ്ക്കരുതെന്ന് തിരുവചനം പറയുമ്പോൾ സമ്പത്തുകളുടെ നിഗളത്തിൽ തല ഉയർത്തുന്നത് ഹാമാൻ കൊമ്പുയർത്തുന്നതിന് തുല്യമത്രേ. ദൈവസഭകൾ ഭൗതികമായി വളർന്നതും, കൂറ്റൻ കെട്ടിടങ്ങളും, കാറും കമ്പ്യൂട്ടറും കിട്ടിയതും കൈമിടുക്കു കൊണ്ടല്ല എന്ന് നാം തിരിച്ചറിയണം. പാവപ്പെട്ട ദൈവ മക്കൾ രാജ്യത്തിന് അകത്തും, വിദേശരാജ്യങ്ങളിലും അത്യധ്വാനം ചെയ്ത് അകമഴിഞ്ഞ് ദൈവത്തെയും, ദൈവത്തിൻ്റെ വേലയെയും സ്നേഹിച്ച് കൊടുത്ത പണമാണ് ഇതിൻെറയൊക്കെ പിന്നിലുള്ളത് എന്ന് മറക്കരുത്. ഇല്ലായ്മയിൽ നിന്ന് കൊടുത്തിട്ടുള്ള ദൈവമക്കളുടെ ദശാംശവും സ്തോത്രകാഴ്ചയും വാങ്ങി വക്കീലന്മാർക്കും പോലീസുകാർക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനും കൊടുക്കുന്നത് അയ്യോ കഷ്ടം. കാര്യം തീർക്കുന്ന നാളിൽ കരങ്ങൾ ബലപ്പെട്ടിരിക്കുമോ?

ഈ അന്ത്യ നാളുകളിൽ സുവിശേഷത്തിൻ്റെ സാക്ഷ്യം വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ,പുറമേയുള്ള വിശുദ്ധിയല്ല, അകമേയുള്ള വിശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കളകൾ പറിച്ച് മാറ്റി, ദൈവസന്നിധിയിൽ മുട്ടുകൾ മടക്കട്ടെ. നമ്മുടെ പ്രസ്ഥാനങ്ങൾ കേവലം അടിപിടി കേന്ദ്രങ്ങളായി മാറരുത്, ആരാധന കേന്ദ്രങ്ങൾ ആയി മാറട്ടെ. ആശ്വാസത്തിൻ്റെയും, അനുഗ്രഹത്തിൻ്റെയും വാക്കുകൾ പുറത്തു വരട്ടെ.

ആക്രോശവും, കാളകളുടെ മുക്കറയയും പുറത്തു പോകട്ടെ.
അനുസരണം കെട്ടവരുടെ മേൽ ദൈവകോപം കടന്നുവരുമെന്ന് തിരുവചനം പറയുന്നു. എന്നാൽ അനുതപിച്ച് അടുത്തു വരുന്നവനെ, ഭുജങ്ങളിൽ വഹിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തെയും ദൈവവചനത്തെയും അകമഴിഞ്ഞു സ്നേഹിക്കുക. ഒരു സംഘടനയെയോ, സമൂഹത്തെയോ, നേതാവിനെയോ ദൈവത്തേക്കാൾ അധികം പൂജിക്കരുത്, ആരാധിക്കരുത്.

ദൈവമേ നിർമലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്, എന്നെ ഒന്ന് പുതുക്കേണമേ! നിൻ്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ നിൻ്റെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുക്കയുമരുതേ.

ശംശോൻ്റെ അനുഭവം ഉണ്ടാകരുതേ!

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും