ഷാജി ആലുവിള

ക്രൈസ്തവർക്ക് നേരെയുള്ള ഹൈന്ദവ സംഘടനകളുടെ ആക്രമണം ഈ ദിവസങ്ങളിൽ അതിരുകടന്നു വർധിക്കുകയാണ്.
പല സംസ്ഥാനങ്ങളിലും പോലീസ് നോക്കുകുത്തികളായി നിന്നാണ് ആക്രമണം നടത്തുന്നത്. ചില ഈർക്കിൽ ചാനലുകൾ പോലീസ് മുറിയിൽ പുരോഹിതന്മാരെ പള്ളികളിൽ കയറി ചോദ്യം ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് എന്ത് ന്യായമാണ്? നീതിയാണ്? ഇത് ഒരു മതത്തിന്റെ മാത്രം രാജ്യമെന്ന് അവകാശവാദം പറയുന്നതിന്റെ അന്തസത്ത ആർക്കും മനസിലാകുന്നില്ല. ക്രൈസ്തവർക്ക് ആഘോഷമോ ആരാധനയോ പൊതുസമ്മേളനമോ നടത്തുവാൻ പറ്റാത്ത അവസ്ഥ. എവിടെയാണ് ഇത് ഹിന്ദു രാജ്യമെന്ന് തീറെഴുതി വെച്ചിരിക്കുന്നത്? ഇത് കൊണ്ട് മതേതരത്വം കളങ്കപ്പെടുന്നതല്ലാതെ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുവാൻ പറ്റില്ല. കാരണം അങ്ങനെയാണ് ക്രൈസ്തവ സഭയുടെ ചരിത്രം.
ആഘോഷം എന്നാൽ സന്തോഷം പങ്കിടുവാനുള്ള ഒത്തുചേരലാണ്. അതിൽ പങ്കുവെക്കലുണ്ട്, പാരമ്പര്യ ചടങ്ങുകളുണ്ട്. ക്രിസ്മസ്സ്, ദീപാവലി, റംസാൻ തുടങ്ങിയ പെരുന്നാളുകൾ, ഓണം എന്നിവ എല്ലാ മതങ്ങളുടെയും ആഘോഷങ്ങളാണ്.
ക്രിസ്മസ്സ് പോലുള്ള പ്രധാന ഉത്സവങ്ങൾ മുതൽ അന്തരാഷ്ട്ര ദിനങ്ങളായ യോഗാദിനം പരിസ്ഥിതിദിനം എന്നിവ ജാതി മത ഭേദമന്യേ എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഇതെല്ലാം എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്നതുമാണ്.
ക്രൈസ്തവ സമൂഹം ലോകം മുഴുവനും ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവം ആണ് ക്രിസ്സ്മസ്. മാനവരക്ഷക്കായി ദൈവം മനുഷ്യനായി കന്യകയിൽ പിറന്നത്തിന്റെ ഓർമ്മദിനമായി ക്രൈസ്തവർ ആഘോഷിക്കുന്ന പുണ്യ ദിനമാണ് ക്രിസ്മസ്സ്.
ഇന്ത്യയയിൽ ക്രൈസ്തവർക്കെതിരെ നടത്തിവരുന്ന ഉപദ്രവങ്ങളും അക്രമങ്ങളും ക്രിസ്മസ് ആഘോഷ ദിനങ്ങളായ ഈ ദിവസങ്ങളിൽ വർധിച്ചു വരികയാണ്.
ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ക്രിസ്സ്മസ് ആഘോഷങ്ങൾ ഇവിടെ നടക്കില്ലെന്നു വെല്ലുവിളിക്കുകയും കരോൾ സർവീസിനെതിരെ ആക്രമണം നടത്തി ഭീഷണിപ്പെടുത്തിയും ചില ഹിന്ദു മത തീവ്രവാദികൾ രംഗത്തു വന്നിട്ടുണ്ട്.
ക്രൈസ്തവർക്ക് നേരെയുള്ള ഈ കടന്നുകയറ്റവും അടിച്ചമർത്തലും ഇന്ത്യക്ക് ഒട്ടും ചേർന്നതല്ല. നമ്മുടെ പ്രധാനമന്ത്രിമുതൽ അനേക നേതാക്കൻമ്മാർ എല്ലാരാജ്യത്തും അനേക പ്രാവശ്യം സന്ദർശിക്കുന്നവരാണ്. അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. അതൊക്കെ ഹിന്ദു രാജ്യമാണോ?
വിശ്വഹിന്ദ് പരിഷത്ത് പ്രസ്താവിച്ചിരിക്കുന്നത് ഹിന്ദുക്കൾ ക്രിസ്മസ്സ് ആഘോഷത്തിൽ നിന്നും വിട്ടുനിൽക്കണം. മാത്രമല്ല ക്രിസ്മസ് സംബന്ധമായ യാതൊരു കാര്യത്തിലും ഇടപെടരുത്. അത് കേക്ക് മുതൽ ബോർഡുകൾ വരെ നീണ്ടുപോകുന്നു.
ഈ നടപടികൾ ഭരണഘടനപരമായ സാഹോദര്യത്തിന്റെ ലംഘനമാണെന്നും സാംസ്കാരികമായ വേർതിരിവ് സൃഷ്ടിക്കുന്നതാണെന്നും സമൂഹം മനസിലാക്കണം.
മുട്ടിലിഴഞ്ഞും കേക്ക് കൊടുത്തും കുരുത്തോല പിടിച്ചും ക്രൈസ്തവരെ പറ്റിച്ച് വോട്ടു വാങ്ങി മന്ത്രിയായ സുരേഷ് ഗോപിക്ക് ഇതിൽ എന്താണ് പറയാനുള്ളതെന്ന് ജനം ചോദിക്കുന്നു.
നമ്മുടെ രാജ്യം ജനാധിപത്യ ഭരണ സവിധാനത്തിലുള്ള മനോഹര രാജ്യമാണ്. ഇത് നിലനിൽക്കണമെങ്കിൽ എല്ലാമതങ്ങളും തമ്മിലുള്ള ബന്ധവും പ്രാതിനിധ്യവും പ്രതിബദ്ധതയും നില നിൽക്കണം. ജനാധിപത്യ ഭരണം ഒരു പാർട്ടിയുടെ മാത്രം കുത്തകയല്ല. ഭൂരിപക്ഷം വെച്ച് മറ്റു മതങ്ങളുടെ വിശ്വാസത്തെയും, ആദർശത്തെയും, ആരാധന സ്വതിന്ത്ര്യത്തെയും സംവിധാനത്തെയും തല്ലിത്തകർക്കുവാൻ അണികളെ ഇറക്കിവിടുന്ന ബി ജെ പി നേതാക്കാൻമാർ ഇത് കാണാത്ത മട്ടിൽ ഇനി ഇരിക്കരുത്.
ദൈവാലയത്തിൽ കയറി ചില ഹിന്ദു തീവ്രവാദികൾ ഒരു പുരോഹിതനോട് ചോദിച്ച ചോദ്യം മഹാ നീചമായിപോയി. ‘എങ്ങനെയാണ് കന്യാമറിയത്തിന് ഭർത്താവില്ലാതെ യേശു ജനിക്കുക?”
ഇത് ക്രൈസ്തവരെ അപമാനിക്കുകയല്ലേ. ആ ചോദിച്ചവനോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ട്. പക്ഷെ ആ കാള കൂറ്റന്മാർ ആടിതിമർക്കുമ്പോഴും ആ പുരോഹിതൻ മൗനമായി തന്റെ വിശ്വസികൾക്കൊപ്പം എല്ലാം കണ്ട് നിൽക്കുകയായിരുന്നു.
മറ്റൊരു സ്ഥലത്ത് ഒരു കൂട്ടം ജനം പള്ളിയിൽ പ്രാർത്ഥനാ നിരതരായിരിക്കുമ്പോൾ ഒരു കൂട്ടം ഹിന്ദു പ്രവർത്തകർ സ്ത്രീകൾ ഉൾപ്പടെ പള്ളിയുടെ ഭിത്തികൾ അടിച്ചുതകർക്കുന്നു. അവിടെയും ആ വിശ്വാസികൾ പ്രതികരിക്കുന്നില്ല. രാജസ്ഥാനിലെ ഒരു പള്ളിയിൽ ആരാധന മധ്യെ ബജരംഗ്ദൾ അക്രമം നടത്തി വചന ഘോഷണം നിർത്തിക്കുകയും വിശുദ്ധ ക്രൂബ്ബാന അലങ്കോലപ്പെടുത്തുകയും ചെയ്തു.
ബി ജെ പി വിചാരിക്കുന്നത് ഇങ്ങനെ ക്രൈസ്തവരെ അക്രമിച്ചാൽ ഇന്ത്യ ഹിന്ദു രാജ്യമാകും എന്നാണോ? അങ്ങനെ എങ്കിൽ നിരീശ്വര വാദികൾ, മറ്റുള്ള മതക്കാർ എന്നിവരെ നിങ്ങൾ എന്തു ചെയ്യും. ബി ജെ പി ക്കുള്ളിലും ക്രൈസ്തവരില്ലേ. കാശുകൊടുത്ത് ക്രൈസ്തവ സ്ഥാനാർത്ഥിയെ നിർത്താം, പക്ഷെ വോട്ട് കിട്ടില്ല.
പാർട്ടികൾ തമ്മിലുള്ള അന്തർധാരണയിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സീറ്റുകൾ ബി ജെ പി ക്ക് വിലക്ക് വാങ്ങാൻ സാധിക്കും. പക്ഷെ ജയിക്കണമെങ്കിൽ അത് മാത്രം പോര. ഈ ഘോരവിഷചീറ്റൽ നിർത്തണം. ഒരു പക്ഷെ ക്രൈസ്തവർ പ്രതികരിക്കില്ല. കാരണം ആ നീതി ശസ്ത്രമാണ് അവർ മുറുകെ പിടിക്കുന്നത്. അവരുടെ ഇടയിൽ തമ്മിലടിയുണ്ടെങ്കിലും തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവർ.
കരോളിന്റെ പേരിൽ മദ്യലഹരിയിൽ വീടുകൾ കയറി കൃഷികൾ നശിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന സംഘങ്ങൾ നാട്ടിൽ സജീവമാണ്. ഇത് ക്രൈസ്തവരെ ആക്ഷേപിക്കുവാനുള്ള മറ്റുള്ളവരുടെ ബുദ്ധിയാണെന്നാണ് ചിലർ പറയുന്നത്.
ക്രൈസ്തവ സമൂഹം മനസിലാക്കുക. മദ്യവും മാംസവും സദ്യയും കാരോളുമല്ല ക്രിസ്മസ്.
പാപമോചകനും സമാധാനത്തിന്റെ ആസ്ഥിത്വവും ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ഓരോ ഹൃദയത്തിലും ഉണ്ടാകണം. അതില്ലാത്ത ക്രിസ്മസ്സ് ആഘോഷം വെറും ശൂന്യമാണ്. യേശുവില്ലാത്ത ക്രിസ്മസും, യേശുവില്ലാത്ത കുരിശും, യേശുവില്ലാത്ത പള്ളികളും ആർത്ഥശൂന്യമാണ്. അത് തന്നെയാണ് ഈ പരാജയങ്ങൾക്ക് കാരണവും.




