‘ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ഉത്തരേന്ത്യയിലുള്ളർ ബുദ്ധിമുട്ടുന്നു’; സുരേഷ് ഗോപിയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ച്‌ കൗണ്‍സിലര്‍

തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ വേദിയിലിരുത്തി ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളില്‍‌ വിമർശനവുമായി വാർഡ് കൗണ്‍സിലർ.

തൃശൂർ മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് വാർഡ് കൗണ്‍സിലർ ബൈജു വർഗീസാണ് വിമർശനം ഉന്നയിച്ചത്. നമ്മള്‍ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്ബോള്‍ ഉത്തരേന്ത്യയിലുള്ളർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനവും പ്രയാസവുമാണ് അവർ നേരിടുന്നതെന്നും ബൈജു വർഗീസ് പറഞ്ഞു.

‘ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മള്‍ കേള്‍ക്കുന്നു. നമ്മള്‍ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്ബോള്‍ നമ്മെ വേദനിപ്പിക്കുന്ന വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. സത്യത്തില്‍ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരുമാണ് ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്ബോള്‍ നമ്മുടെ മനസ് പിടയും’- അദ്ദേഹം വിശദമാക്കി.

എന്നാല്‍ കൗണ്‍സിലർ തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തിരുവനന്തപുരത്ത് ഒരു ക്രിസ്തീയ വിശ്വാസിയുടെ പോലെതന്നെ ക്രിസ്മസിന് വേണ്ടി ദീപാലങ്കൃതമായ വീടാണ് തന്റേത്. ഉത്തരേന്ത്യയില്‍ നടക്കുന്നത് നാടകമാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.

‘ഉത്തരേന്ത്യയില്‍ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗണ്‍സിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാല്‍ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതില്‍ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകള്‍ മാത്രമാണ്’- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും