ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്; ടയറുകള്‍ പൊട്ടി, ഒഴിവായത് വന്‍ദുരന്തം

കൊച്ചി: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വ്യാഴാഴ്ച രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

സാങ്കേതികത്തകരാര്‍ കാരണമാണ് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്. വിമാനത്തിന്റെ രണ്ട് ടയറുകള്‍ക്കാണ് തകരാറുണ്ടായത്. തുടര്‍ന്ന് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ലാന്‍ഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തെ  ടയറും നോസ് വീലും പൊട്ടിയതായി സ്ഥിരീകരിച്ചു. എന്നാല്‍, അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറോളം റൺവേ അടച്ചിട്ടു. യാത്രക്കാരെ സുരക്ഷിരായി പുറത്തിറക്കിയശേഷം വിമാനം റണ്‍വേയില്‍നിന്ന് മാറ്റിയെന്നും റണ്‍വേയില്‍ വിശദമായ പരിശോധന നടത്തിയതിനുശേഷം നിലവില്‍ റണ്‍വേ തുറന്നുകൊടുത്തതായും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനം ഇറക്കുന്നതിന് മുന്‍പ് തന്നെ സിയാല്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും അടിയന്തര സേവന സംഘങ്ങളും വിമാനക്കമ്പനി ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് എന്തോ വസ്തു തട്ടിയത് കാരണം ടയറിന് കേടുപാട് സംഭവിച്ചെന്ന് സംശയം തോന്നിയെന്നും ഇതിനാലാണ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടതെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി കൊച്ചിയില്‍ ലാന്‍ഡ്‌ചെയ്തു. യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാമേഖലകളിലും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും