കയ്യാങ്കളിയും കൈകൊട്ടുംവിരുതോ? വിശുദ്ധിയോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കണം (ലേവ്യ11:45).

പെന്തക്കോസ്തു സമൂഹം പിതാക്കന്മാരുടെ കാലങ്ങളിൽ ലോകത്തോട് അകലം പാലിച്ചിരുന്നു. പെന്തക്കോസിൻ്റെ മുഖമുദ്രയായിരുന്നു വേർപാടും വിശുദ്ധിയും. അവർ കോടതി കയറീട്ടില്ല, എങ്കിലും കർത്തൻ്റെ കാലൊച്ച കെട്ടവരായിരുന്നു. പോലീസുകാരല്ല, പരിശുദ്ധാത്മാവ് അത്രേ സഭായോഗങ്ങൾ നിയന്ത്രിച്ചിരുന്നത്. വിശുദ്ധന്മാരുടെ ആരാധനകളിൽ, അശുദ്ധിയുടെ പ്രവർത്തികൾ വിവേചിക്കപ്പെട്ടിരുന്നു. അവരുടെ കൂടിവരവിന് നടുവിൽ കയ്യാങ്കളി ഇല്ലായിരുന്നു,

എന്നാൽ കയ്യടിച്ച് പാടുന്നവരുടെയും, കരഞ്ഞു പ്രാർത്ഥിക്കുന്നവരുടെയും എണ്ണം അധികമായിരുന്നു. സുവിശേഷവേലയുടെ പണം കള്ളക്കണക്ക് എഴുതി പോക്കറ്റിൽ ആക്കുന്ന അനന്യാസുമാർ അന്ന് ഇല്ലായിരുന്നു. ലോക സ്നേഹം ദൈവത്തോട് ശത്രുത്വം എന്ന് അവർ ഉറക്കെ പറഞ്ഞു. കാലം മാറി വിശുദ്ധിയും വേർപാടും വായിലും പ്രസംഗത്തിലും സ്റ്റേജുകളിലും മാത്രം ഒതുങ്ങി. ഹൃദയത്തിൽ പരിച്ഛേദന ഇല്ലാത്ത ഹാമാന്യപ്രവർത്തികൾ സഭാതലങ്ങളിൽ ഉയർന്നു വരുവാൻ തുടങ്ങി. വിശുദ്ധന്മാരുടെ വംശനാശം വർദ്ധിക്കുന്നു,

വിരുതന്മാരുടെ എണ്ണം കേരളത്തിലെ പെട്രോളിൻ്റ വില കൂടുന്നതിൽ ഉപരിയായി കൂടുവാൻ തുടങ്ങി. ഇസ്രയേലിൻ്റെ രാജാവായ ദാവീദ് ഒരിക്കൽ വിശുദ്ധനായ ദൈവത്തിൻ്റെ പെട്ടകം കൊണ്ടുവരുവാൻ, വിരുതന്മാരെ കൂട്ടി. വിശുദ്ധ കൈകൾ കൊണ്ട് എടുത്ത്, തോളിൽ ചുമക്കണ്ട പെട്ടകം വിരുതന്മാർ കരങ്ങളിൽ എടുത്ത് കാളവണ്ടിയുടെ പുറത്ത് വെച്ച് നൃത്തം ചവിട്ടുന്നു, കുഴലൂതുന്നു.

പാട്ടും, ആട്ടവും, ചാട്ടവും കണ്ട് തമ്പുരാൻ കയ്യടിച്ചില്ല, കരം നീട്ടി ശിക്ഷിച്ചു. അതിരുകൾ ലംഘിച്ചു കൊണ്ടുള്ള അധികാര വടം വലിയും, കസേര കളിയും കണ്ട് സ്വർഗ്ഗമെന്നും മൗനമായിരിക്കുകയില്ല. ഉണർവും, മാനസാന്തരവും ഇനി കുഞ്ഞാടുകൾക്കല്ല വേണ്ടത്, അല്മായരും, നേതാക്കന്മാർക്കും ഒരു മടങ്ങി വരവ് ഈ നാളുകളിൽ ആവശ്യം. ബിരുദങ്ങളുടെ നീളമോ, സമ്പത്തുകളുടെ കൂമ്പാരമോ കണ്ട് സ്വർഗ്ഗം ഞെട്ടി വാതിലുകൾ ആർക്കും മുമ്പിൽ തുറന്നു തരുകയില്ല. ഞാൻ നിന്നെ അറിയുന്നില്ല എന്നുള്ള ശക്തമായ വാക്കുകൾ അത്ര ഇവർ കേൾക്കുവാൻ പോകുന്നത്.

അമേരിക്കൻ ഡോളറുകളുടെ ബലത്തിൽ സഭയുടെ അശോകചക്രം തിരിക്കുവാൻ ശ്രമിക്കുന്ന സാരഥികളെ ദൈവസഭയ്ക്ക് വേണ്ട. ഒരു രാത്രി കൊണ്ട് മോശയുടെ വടി തളിർത്തതുപോലെ പാസ്റ്റർ ഉടുപ്പ് ധരിക്കുന്നവരെയും, ഇതര ക്രൈസ്തവ സമൂഹങ്ങളിൽ ആലയത്തിൽ പോലും കയറുവാൻ അനുവദിക്കാത്തവരെ, പെന്തക്കോസ്തു സമൂഹം ഒരു ആഴ്ച കൊണ്ട് വാഴിച്ച്, പുറത്തിറക്കുന്നതും പെരുമൺ ദുരന്തത്തെക്കാൾ വലിയ ദുരന്തമത്രേ.

ശൂനേമിലെ ധനിക സ്ത്രീ പറയുന്നു, ഇതുവഴി കൂടെ, കൂടെ കടന്നുപോകുന്നയാൾ വിശുദ്ധനായ ഒരു പുരുഷനെന്ന് ഞാൻ കാണുന്നു. എന്തൊരു സാക്ഷ്യം! കാശുകൊടുത്ത് എഴുതിച്ചതും, പറയിച്ചതും അല്ല. നഥാനിയേൽ സാക്ഷാൽ ഇസ്രയേലിൻ എന്ന് ദൈവം സാക്ഷ്യപ്പെടുത്തിയത് പോലെ, ഒരു സ്ത്രീ, ഒരു പ്രവാചകനെ നോക്കി പറയുന്ന ഈ സാക്ഷ്യം എത്ര അതുല്യം. ഈ കാലഘട്ടത്തിൽ ഇങ്ങനെ എത്ര പേര് പറയും? കൈക്കരുത്തും ആൾബലവും തന്ത്രങ്ങൾ ഉപയോഗിച്ച് അധികാരങ്ങൾ തട്ടിയെടുത്ത്, കസേരകളിൽ ഇരുപ്പുറപ്പിച്ച്, അങ്ങോട്ടുമിങ്ങോട്ടും, വാനോളം പുകഴ്ത്തുന്ന പുകഴ്ച അല്ല, വിശുദ്ധിയുടെ പുകഴ്ച. അതു വെറും സുനാമി അത്രേ.

സഭാതലങ്ങളിലും മറ്റും ഇന്ന് നടക്കുന്ന പോർവിളികളും, വെല്ലുവിളികളും വിരുതന്മാരുടെ മുദ്ര അത്രേ. ദുഃഖം എന്ന് പറയട്ടെ, ഒരു മടങ്ങി വരവിലേക്ക് ദൈവ സഭ ഉണർന്നെഴുന്നേൽക്കുന്നില്ലെങ്കിൽ നാം ലോകത്തിൻ്റെ മുമ്പിൽ വെറും കൂത്ത് കാഴ്ചകളായി മാറും. ദൈവസഭകൾക്ക് ആവശ്യം കോഡിനേറ്റേഴ്സും, പ്രസിഡണ്ടും അല്ല, പ്രത്യുത മരണപര്യന്തം വിശ്വസ്തരായി നിൽക്കുന്ന, വിശുദ്ധിയുടെ പ്രമാണത്തെ മാറോടു ചേർത്തു പിടിക്കുന്ന സ്തേഫാനോസ്മാരെയത്രേ.

ശുദ്ധിയുള്ള ഹൃദയം, നിർമ്മല മനസാക്ഷി, നിർവ്യാജ വിശ്വാസം ഇത് കോർത്തിണക്കി വസ്ത്രം എല്ലായ്പ്പോഴും വെള്ളയായി സൂക്ഷിക്കുന്ന ഭക്തനെ സ്വർഗ്ഗം ബഹുമാനിക്കും.

വിരുതന്മാർ സ്വസ്നേഹികളും, വമ്പു പറയുന്ന, ഇണങ്ങാത്തവരും ആയി മുന്നോട്ടു നീങ്ങുമ്പോൾ തെക്കൻ കാറ്റ് മന്ദം ആയതുകൊണ്ട്, താൽപര്യം സാധിച്ചു എന്ന് തോന്നിപ്പോകും, എന്നാൽ ഈശാന മൂലൻ ഏതു സമയത്തും ആഞ്ഞടിക്കും. സർവ്വഭൂമിയിലും ഊടാടിക്കൊണ്ടിരിക്കുന്ന യഹോവയുടെ ദൃഷ്ടികൾ നോക്കുന്നത് വിരുതന്മാരെ അല്ല, വിശ്വസ്തന്മാരെയും, വിശുദ്ധന്മാരെയും അത്ര. ആലയത്തിൽ വിരുതുകളിച്ച ഉസിയാവിൻ്റെ ചെവിക്ക് തമ്പുരാൻ പിടിച്ചെങ്കിൽ, ചെവി കൊടുക്കാത്തവൻ്റെ ചെവിക്ക് ഇന്നും പിടിക്കും എന്നുള്ളത് മറക്കല്ലേ!

അഭിനയ വിശുദ്ധന്മാരെ ദൈവസഭയ്ക്കാവശ്യമില്ല. വിരുതന്മാർ താൽക്കാലികമായി രക്ഷപ്പെട്ടു എന്നു തോന്നിയാലും, സ്വർഗ്ഗത്തിൻ്റെ കോടതിയിൽ പിടിക്കപ്പെടും. ഹാനോക്ക് എടുക്കപ്പെടുന്നതിനു മുമ്പ് ദൈവത്തിൽ നിന്ന് സാക്ഷ്യം പ്രാപിച്ചു. ചരമ പ്രസംഗത്തിൽ അല്ല വിശുദ്ധിയും, സാക്ഷ്യവും കൊട്ടി ഘോഷിക്കേണ്ടത്, പറന്ന് ഇറങ്ങുന്ന പട്ടണങ്ങളിലും, ദേശങ്ങളിലും ജനം പറയട്ടെ, ഇവനൊരു സാക്ഷാൽ ഇസ്രയേല്യൻ, ഇവനിൽ കപടമില്ല, ഇവൻ വിശുദ്ധനായ മനുഷ്യനെന്ന് ഞാൻ കാണുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും