നാശം വിതച്ച്‌ ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ദുർബലമായി റിപ്പോർട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദമായി മാറിയിരുന്നു.

വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെല്‍ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്‍റർ നിർമല്‍ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങള്‍ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് സർവകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. അതിനിടെ രക്തദാന ക്യാമ്ബില്‍ എത്തി രക്തം നല്‍കിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറല്‍ ആയി.

ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി വീണ്ടും ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ലങ്കയില്‍ എത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. പരിശീലനം നല്‍കാൻ പ്രത്യേക മെഡിക്കല്‍ സംഘവും കൊളമ്ബോയില്‍ എത്തി. 750 ഓളം ഇന്ത്യക്കാരെ ആണ് ഇതുവരെ നാട്ടില്‍ തിരിച്ചെത്തിക്കനായത്. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി പറഞ്ഞു.