ഇസ്താംബൂള്‍: തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിന് സമീപം കരിങ്കടലില്‍ റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റില്‍’ പെട്ട രണ്ട് എണ്ണ ടാങ്കറുകളില്‍ സ്ഫോടനമുണ്ടായി.
ഇതേ തുടർന്ന് എണ്ണ ടാങ്കറുകളില്‍ വൻ തീപിടിത്തമുണ്ടായി. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതായി തുർക്കി അധികൃതർ അറിയിച്ചു.
ആദ്യം അപകടമുണ്ടായ 274 മീറ്റർ നീളമുള്ള ‘കൈറോസ്’ എന്ന ടാങ്കറിന് ഈജിപ്തില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ തീപിടിക്കുകയും 28 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ കരിങ്കടലില്‍, ഏകദേശം 35 നോട്ടിക്കല്‍ മൈല്‍ അകലെ, രണ്ടാമത്തെ ടാങ്കറായ വിരാട്ടിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ട് വന്നു. എഞ്ചിൻ റൂമില്‍ കനത്ത പുക കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന 20 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അപകടം കാരണം വ്യക്തമല്ലെങ്കിലും, കപ്പലുകള്‍ക്ക് ബാഹ്യമായ ആഘാതം ഏറ്റിരിക്കാനാണ് സാധ്യതയെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുള്‍കാദിർ ഉറലോഗ്ലു പറഞ്ഞു. മൈനുകള്‍, മിസൈലുകള്‍, അല്ലെങ്കില്‍ ആളില്ലാ മറൈൻ ഡ്രോണുകള്‍ എന്നിവയാകാം ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ലെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് വിധേയരായ കപ്പലുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് കൈറോസും വിരാട്ടും. ഈ കപ്പലുകള്‍ ഇൻഷുറൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവർത്തിക്കുന്ന ‘ഡാർക്ക് ഫ്ലീറ്റിൻ്റെ’ ഭാഗമാണെന്ന് ഷിപ്പിംഗ് ഏജൻസിയായ ട്രൈബെക്ക പറയുന്നു. കരിങ്കടലില്‍ നേരത്തെയും മൈനുകള്‍ തീരത്തടിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. നിലവില്‍ ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് തടസ്സമില്ലെന്നും തുർക്കി അധികൃതർ അറിയിച്ചു.



