ഇടുക്കി ആനച്ചാല്‍ സ്കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെയാണ് കേസ്.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനും ജില്ലാ കളക്ടർ നിർദേശം നല്‍കി.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇവരെ 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് താഴെയെത്തിച്ചത്.
മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്.
ഇതില്‍ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.
ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രശ്‌നം.



