അബുജ: കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സർക്കാർ ബോർഡിംഗ് സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇരുപത്തിനാല് പെണ്‍കുട്ടികളെ വിട്ടയച്ചതായി റിപ്പോർട്ട്.
നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ചൊവ്വാഴ്ച പെണ്‍കുട്ടികളുടെ മോചനത്തെ സ്വാഗതം ചെയ്യുകയും ഇപ്പോഴും ബന്ദികളാക്കിയ മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാൻ സുരക്ഷാ സേനയോട് ആഹ്വാനം ചെയ്യുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നവംബർ 17 നാണ് സ്കൂളിലെ 25 വിദ്യാർഥികളെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നാലെ ഒരു കുട്ടി അതേദിവസം തന്നെ രക്ഷപ്പെട്ടിരുന്നു. ബാക്കി വരുന്ന 24 പേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്. വടക്കൻ നൈജീരിയയില്‍ നിന്ന് മോചനദ്രവ്യം തേടിയുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്‍ സാധാരണമാണ്. സ്കൂളുകളെയും ഗ്രാമീണരെയും ലക്ഷ്യം വെച്ചുള്ള സായുധ സംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാ സേനയെ കീഴടക്കാറുണ്ട്. കെബ്ബിയിലെ സ്കൂളില്‍ നിന്നും സൈനികർ പിൻവാങ്ങിയതിന് തൊട്ടു പിന്നാലെയാണ് ആയുധധാരികള്‍ സ്കൂള്‍ പിടിച്ചെടുത്തത്. നൈജീരിയയിലെ ക്വാറയിലുള്ള ഗ്രാമത്തില്‍ നിന്ന് സമാന രീതിയില്‍ തോക്കുധാരികള്‍ സ്ത്രീകളെയും കുട്ടികളെയും പിടികൂടിയിരുന്നു.
ഇതിന് പുറമേ സമീപകാലത്തെ ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലില്‍ കത്തോലിക്കാ സ്കൂളില്‍ നിന്നും 300ലധികം വിദ്യാർഥികളെയും ജീവനക്കാരെയും കാണാതായിരുന്നു. തങ്ങളുടെ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവർ ചെറിയ കുട്ടികളും ഉള്‍പ്പെട്ടതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക വർധിക്കുകയാണ്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടോ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടോ ആരും ഇതു വരെ മുന്നോട്ട് വന്നിട്ടില്ല.
10നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്നും ആക്രമണത്തിനിടെ 88 കുട്ടികള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ പിടികൂടി. കുട്ടികളെ രക്ഷപ്പെടുത്താൻ പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്കൂള്‍ വിദ്യാർഥികള്‍ക്ക് നേരെയുള്ള അതിക്രമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മോചനദ്രവ്യം നല്‍കിയതിനുശേഷം മാത്രമാണ് പല കുട്ടികളെയും വിട്ടയച്ചത്.
നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകലുകള്‍ നടന്നത്. എന്നാല്‍ ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുപോലെയാണ് ബാധിച്ചത്. വടക്കൻ നൈജീരിയയിലെ പല ഹോട്ട്‌സ്‌പോട്ടുകളിലും അറസ്റ്റുകള്‍ അപൂർവമാണ്. തട്ടിക്കൊണ്ട് പോയവരെ തിരിച്ചുകിട്ടുന്നതിനായി മോചനദ്രവ്യം നല്‍കുന്നത് സാധാരണമാണ്.
ഇന്നലെ നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ വീണ്ടും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തിലെ മുസ്സ പ്രദേശത്ത് നിന്നും 12 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. വൈകുന്നേരം 5 മണിയോടെ കൃഷിയിടങ്ങളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടികളാണ് ബോക്കോ ഹറാം തീവ്രവാദികളുടെ പിടിയിലായത്. രാത്രിയോടെ മഗുമേരി ഗ്രാമത്തില്‍ ഭീകരർ വലിയ ആക്രമണം നടത്തുകയും ചെയ്തു. രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന അക്രമത്തില്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങി ഗ്രാമത്തിലെ നിരവധി സ്ഥലങ്ങള്‍ അഗ്നിക്കിരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു.



