–കെ.എൻ റസ്സൽ
ഞങ്ങൾ മാധ്യമ അതികായനെ കണ്ടു. അഞ്ചുമാസം മുമ്പ് കണ്ടതിനെക്കാൾ സന്തോഷവാനാണ് ഇപ്പോൾ. ശാരീരിക പ്രയാസങ്ങൾ ഒട്ടു വളരെ കുറഞ്ഞിട്ടുമുണ്ട്. ഡാളസിൽ നിന്നും വന്ന മാത്യു കോര (ഫിന്നി ) യും ഞാനും ഓമനയുമായിരുന്നു സിവിയെ കാണാൻ പോയ സംഘാംഗങ്ങൾ.
ഫിന്നി അമേരിക്കയിൽ പോകുന്നതിന് മുമ്പ് ഗുഡ്ന്യൂസിൽ കുറെ വർഷങ്ങൾ ജോലി ചെയ്തു. കംപ്യൂട്ടർ സിസ്റ്റത്തിൻ്റെ ചുമതല ഫിന്നിക്കായിരുന്നു. ഡിറ്റിപി വർക്കുകൾ ഉൾപ്പെടെ എല്ലാം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് അന്ന് ഒരു കംപ്യൂട്ടർ ഗുഡ്ന്യൂസ് വാങ്ങിയത്. ഉൽഘാടനമോ, അതി ഗംഭീരം. ഐ.പി.സി യിലെ അന്നത്തെ നേതാക്കളിൽ പ്രമുഖരായ ചിലർ എത്തിയിരുന്നു. കാരണം ഗുഡ്ന്യൂസ് കേരളത്തിലെ പെന്തക്കോസ്തുകാരുടെ ആശയും ആവേശവുമായിരുന്നു അന്ന്. ഗുഡ്ന്യൂസ് വന്നോ എന്ന് അന്വേഷിച്ച് ആളുകൾ പോസ്റ്റ് ഓഫീസിലേക്ക് ചെല്ലുമായിരുന്ന ഒരു കാലം.

1977-ൽ ഗുഡ്ന്യൂസ് തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാനും അതിൻ്റെ ഭാഗമായി. മനസും ശരീരവും എല്ലാം ഗുഡ്ന്യൂസിൽ അർപ്പിച്ചായിരുന്നു എൻ്റെ രംഗപ്രവേശം. ഇന്നും ഏതാണ്ടങ്ങനെയൊക്കെത്തന്നെയാണ് എൻ്റെ ഉള്ളിൽ ഗുഡ്ന്യൂസ്.
ഗുഡ്ന്യൂസ് ഇറങ്ങിത്തുടങ്ങിയ ആ കാലത്ത് ഞങ്ങൾ പുറ്റടിയിൽ ആയിരുന്നു താമസിച്ചിരുന്നത്. മാധ്യമധർമ്മം എന്താണെന്നറിഞ്ഞു കൂടാത്ത കാലം. അയയ്ക്കുന്ന വാർത്തകൾക്കടിയിൽ ‘ കെ.എൻ റസ്സൽ’ എന്ന് അടിച്ചു വരും. അതുമാത്രം കണ്ടാൽ മതി , ഉള്ള് സന്തോഷത്താൽ നിറയും. പിന്നെ ഞാൻ ഏതാണ്ടാണെന്ന ഒരു ഭാവവും. വീട്ടിൽ വരുന്നവരെയെല്ലാം അച്ചടിച്ചു വന്ന എൻ്റെ പേരു എടുത്തു കാണിക്കും.
ഇടുക്കി കോ-ഓർഡിനേറ്റർ എന്നതായിരുന്നു ഗുഡ്ന്യൂസ് തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞ് എനിക്ക് കിട്ടിയ ആദ്യ പദവി. വലിയ ജില്ലയായതുകൊണ്ട് ഇടുക്കിയെ വിഭജിച്ച് വടക്കൻ ഭാഗം കമ്പിളികണ്ടം ശീലാസ് കുട്ടി പാസ്റ്ററെ ചെയർമാൻ വി.എം മാത്യു ഏൽപ്പിച്ചു.
സിവി സാറിനെ കണ്ട കാര്യം പറഞ്ഞപ്പോൾ ചരിത്രത്തിൻ്റെ ഒരു തരി ഇവിടെ കുറിച്ചു എന്നേയുള്ളു. 1989 മുതൽ ഏതാണ്ട് 8 വർഷം ശമ്പളം കൈപ്പറ്റി ജോലി ചെയ്തു. വ്യാഴാഴ്ച എഡിറ്റിംഗ്, ബാക്കി ദിവസങ്ങൾ കേരളം മുഴുവൻ സഞ്ചരിച്ച് വരിക്കാരെ ചേർക്കണം. പ്രതിനിധികളെ കണ്ടെത്തണം. ഇതിനോടകം മനസിലാക്കിയ മാധ്യമ കടമകൾ അവരെ പറഞ്ഞു പഠിപ്പിക്കണം. ചൊവ്വാഴ്ച തോറും ഗുഡ്ന്യൂസ് ചാരിറ്റി ഓഫീസിൽ വി.എം മാത്യുസാറിനൊപ്പം ജോലി. ചിലപ്പോൾ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് പി.എം ചെറിയാനും (മക്രോണി ബേബിച്ചായൻ ) കണ്ടേക്കും.
സി.വി സാർ പത്രം ഇറക്കുന്നതിൻ്റെ മുഴുതിരക്കിലായിരിക്കും. പെന്തക്കോസ്തു ഗ്രൂപ്പുകളെ കോർത്തിണക്കുന്നതിൽ ഗുഡ്ന്യൂസ് വഹിച്ച പങ്ക് ചെറുതല്ല.
പത്രം രൂപത്തിലാക്കുന്നതു ൾപ്പെടെ എഴുത്തും മറ്റുമായി സാംകുട്ടി ചാക്കോ നിലമ്പൂർ സജീവ സാന്നിദ്ധ്യമായിരുന്നു ഗുഡ്ന്യൂസിൽ ആ സമയത്ത്. മലയാളം എം.എ ബിരുദധാരിയായ ചീഫ് എഡിറ്റർ സി .വി മാത്യു ഇന്ത്യാഎവരി ഹോം ക്രൂസേഡിലെ പ്രസിദ്ധീകരണ വിഭാഗം ചുമതലക്കാരനായിരുന്നു. ഐ. ഈ . സി വിട്ട ശേഷം ഗുഡ്ന്യൂസ് വിപുലമാകുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ചെറുതല്ല.
കുറെനേരം വർത്തമാനം പറഞ്ഞിരുന്ന ശേഷം ഞങ്ങൾ ഒടുവിൽ യാത്ര പറഞ്ഞിറങ്ങി. ഫിന്നി പ്രാർത്ഥിച്ചു. എഴുന്നേറ്റ് വാതിൽ വരെ ഞങ്ങൾക്കൊപ്പം വന്ന് സിവിസാർ യാത്രാമൊഴി നേർന്നു.




