‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ആര്‍എസ്‌എഫ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍-ഫത്തേ അബ്ദുല്ല ഇദ്രിസ് അറസ്റ്റില്‍

എല്‍ ഫാഷർ: സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്‌എഫ്) ബ്രിഗേഡിയർ ജനറല്‍ അല്‍-ഫത്തേ അബ്ദുല്ല ഇദ്രിസ് അറസ്റ്റില്‍.

‘അബു ലുലു’ എന്നും ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്നും അറിയപ്പെടുന്ന ഭീകരനാണ് പിടിയിലായത്. പടിഞ്ഞാറൻ സുഡാനിലെ എല്‍ ഫാഷറില്‍ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത കേസിലാണ് അറസ്റ്റ്. ക്രൂരമായ കൊലപാതകങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആർഎസ്‌എഫ് പുറത്തിറക്കിയ ദൃശ്യങ്ങളില്‍ അബു ലുലുവിനെ നോർത്ത് ഡാർഫർ ജയിലില്‍ അടച്ചതായി വ്യക്തമാണ്. സാധാരണക്കാർക്കെതിരെ അതിക്രമം നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായി ‘ലീഗല്‍ കമ്മിറ്റികള്‍’ അന്വേഷണം ആരംഭിച്ചതായും ആർഎസ്‌എഫ് അറിയിച്ചു.

എല്‍ ഫാഷർ ആക്രമികള്‍ പിടിച്ചെടുത്തതിന് പിന്നാലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു. സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടവർ മാത്രമാണ് കൂട്ടക്കൊലകളെക്കുറിച്ച്‌ ലോകത്തിന് മുന്നില്‍ പറഞ്ഞത്. മാതാപിതാക്കളുടെ മുന്നില്‍ വെടിയേറ്റ് മരിച്ച കുട്ടികള്‍, ഓടിപ്പോകുന്നതിനിടെ കൊള്ളയടിക്കപ്പെട്ട സാധാരണക്കാർ എന്നിവരുടെ കഥകള്‍ അന്താരാഷ്ട്ര സമൂഹത്തെ നടുക്കി.

ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ 1.4 കോടിയിലധികം പേർ മേഖലയില്‍ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ടുകള്‍. ക്ഷാമം വ്യാപിച്ചതിനാല്‍, ചില പ്രദേശങ്ങളിലെ ആളുകള്‍ പുല്ല് ഭക്ഷണമായി കഴിക്കേണ്ട സ്ഥിതിയിലാണ്. ഒക്ടോബർ 26, 27 തീയതികളില്‍ മാത്രം, നിരായുധരായ 2,000ത്തിലധികം പൗരന്മാരെ ആർഎസ്‌എഫ് ക്രൂരമായി കൊലപ്പെടുത്തിയതായി അന്വേഷണ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

*ഐ. പി. സി പിളരുമോ ?*