വാഷിംഗ്ടണ്‍: മനുഷ്യൻ കരുതിയതിനെക്കാള്‍ വേഗത്തില്‍ ഭൂമിയുടെ അന്ത്യം അടുക്കുന്നു. നാസയിലെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരും ചേർന്ന് നടത്തിയ പുതിയ പഠനമാണ് ഈ ആശങ്ക ഉയർത്തുന്നത്.
‘ദി ഫ്യൂച്ചർ ലൈഫ് സ്പാൻ ഓഫ് എർത്ത്‌സ് ഓക്‌സിജനേറ്റഡ് അറ്റ്‌മോസ്ഫിയർ’ എന്ന പേരിലുള്ള ഈ ഗവേഷണം സൂപ്പർ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നടത്തിയതാണ്.
പഠനമനുസരിച്ച്, ഏകദേശം നൂറ് കോടി വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയുടെ അന്തരീക്ഷം വാസയോഗ്യമല്ലാത്തതായിമാറും. മുമ്ബ് കരുതിയതുപോലെ 200 കോടി വർഷമല്ല ഭൂമിയുടെ ജീവൻ നിലനില്‍ക്കുക — അതിനേക്കാള്‍ പകുതി സമയത്തിനുള്ളില്‍ തന്നെ അന്തരീക്ഷം ഓക്‌സിജൻ നഷ്ടപ്പെടും എന്ന് മോഡലുകള്‍ സൂചിപ്പിക്കുന്നു.
‘സൂര്യന്റെ പ്രകാശതീവ്രത വർധിക്കുന്നതോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് പതുക്കെ കുറയാൻ തുടങ്ങും. ഒടുവില്‍ സൂക്ഷ്മജീവികള്‍ ഒഴികെ മറ്റെല്ലാ ജീവനും നിലനില്‍ക്കാനാകില്ല.’- പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞൻ കസുമി ഒസാക്കി പറയുന്നു.
സൂര്യന്റെ പ്രായം കൂടുന്തോറും അതിന്റെ ചൂടും വികിരണവുമായുള്ള ഉത്സർജനം വർധിക്കും. ഇതിന്റെ ഫലമായി ഭൂമിയിലെ സമുദ്രങ്ങള്‍ വരണ്ടുണങ്ങുകയും അന്തരീക്ഷം ഓക്‌സിജൻ രഹിതമാവുകയും ചെയ്യും. അന്ന് ഭൂമി ചുട്ടുപൊള്ളുന്ന, ജീവൻ ഇല്ലാത്ത പാറയായിരിക്കും. ഈ പ്രക്രിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍ ഇതിനോടകം തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. സൗര കൊടുങ്കാറ്റുകള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍ തുടങ്ങിയ സൗരപ്രവർത്തനങ്ങള്‍ ഭൂമിയുടെ കാന്തികക്ഷേത്രത്തെയും അന്തരീക്ഷത്തെയും ബാധിക്കുകയാണ്. അതിനൊപ്പം മനുഷ്യന്റെ പ്രവർത്തനങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ സ്വാഭാവിക ചക്രത്തെ വേഗത്തിലാക്കുന്നുവെന്ന ആശങ്കയും ഉയരുന്നു.
‘പഠനത്തില്‍ ഉള്‍പ്പെടുത്തിയ 4 ലക്ഷംത്തോളം കമ്ബ്യൂട്ടർ സിമുലേഷനുകള്‍ എല്ലാം ഒരേ സൂചന നല്‍കുന്നു. ഭൂമിയുടെ ഭാവി ഇപ്പോഴാണ് മങ്ങിത്തുടങ്ങുന്നത്. ഭൂമിയിലെ ജീവൻ ഒറ്റയടിക്ക് ഇല്ലാതാകില്ല. അത് പതുക്കെ മാഞ്ഞ് പോകും,’ -നാസ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു.




