മയക്കുമരുന്ന് ഉപയോഗിച്ച്‌ ഓടിച്ച ട്രക്ക് ഇടിച്ച്‌ കയറിയത് എട്ടോളം വാഹനങ്ങളില്‍, മൂന്ന് മരണം; ഇന്ത്യക്കാരൻ അമേരിക്കയില്‍ അറസ്റ്റില്‍. അപകട ദൃശ്യങ്ങള്‍ പുറത്ത്‌

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ ഒന്റാറിയോയില്‍ മൂന്ന് പേർ മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ ഇന്ത്യൻ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.

അപകടത്തില്‍ കുറഞ്ഞത് നാല് പേർക്ക് എങ്കിലും പരുക്കേറ്റിട്ടുണ്ട്. ജഷൻപ്രീത് സിംഗ് എന്ന ഇന്ത്യക്കാരൻ ഓടിച്ച ട്രക്കാണ് അപകടത്തില്‍പെട്ടത്. ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരനായി എത്തിയതാണ് പഞ്ചാബ് സ്വദേശിയായ ഇയാള്‍.

2022 ല്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറിയ വ്യക്തിയാണ് ജഷൻപ്രീത് സിംഗ്. ഇയാളുടെ കുടിയേറ്റം സംബന്ധിച്ച കേസുകള്‍ നടന്നുവരികയാണ്. ഇയാള്‍ക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് I15 ഫ്രീവേ ജംഗ്ഷന് കിഴക്ക് ഭാഗത്താണ് അപകടം ഉണ്ടായതെന്ന് എബിസി7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റോഡിലെ ഒരു ട്രാക്കിലൂടെ മെല്ലെ പോകുന്ന വാഹന നിരയിലേക്കാണ് ജഷൻപ്രീത് സിംഗ് ഓടിച്ചിരുന്ന വാഹനം ഇടിച്ചു കയറിയത്. ആദ്യം ഒരു കാറിനേയും തുടർന്ന് നിരവധി വാഹനങ്ങളെയും ജഷൻപ്രീത് സിംഗ് ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ ഡാഷ്ക്യാം ദൃശ്യങ്ങള്‍ പുറത്തുവന്നു.

നാല് വാണിജ്യ ട്രക്കുകള്‍ ഉള്‍പ്പെടെ എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായും മൂന്ന് പേർ മരിക്കുകയും നാല് പേർ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കാലിഫോർണിയയിലെ യൂബ സിറ്റിയില്‍ താമസിക്കുന്ന ജഷൻപ്രീത് സിംഗിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍, നരഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് മുമ്ബ് ജഷൻപ്രീത് സിംഗ് ഒരിക്കല്‍ പോലും ബ്രേക്ക് ചവിട്ടിയിട്ടില്ലെന്ന് പൊലിസ് പറയുന്നു, ടോക്സിക്കോളജി പരിശോധനകളില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതിനാല്‍ ബലഹീനനായിരുന്നു എന്ന് കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

“ജഷൻപ്രീത് സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ സ്റ്റാഫ് അദ്ദേഹത്തെ പരിശോധിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചാണ് അദ്ദേഹം വാഹനമോടിച്ചതെന്ന് ഞങ്ങളുടെ ഉദ്യോഗസ്ഥർ കണ്ടെത്തി” സിഎച്ച്‌പി ഓഫീസർ റോഡ്രിഗോ ജിമെനെസ് പറഞ്ഞതായി എബിസി7 ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റില്‍, പഞ്ചാബില്‍ നിന്നുള്ള മറ്റൊരു അനധികൃത കുടിയേറ്റക്കാരൻ യുഎസിലെ ഒരു ഫ്രീവേയില്‍ അനധികൃതമായി യു-ടേണ്‍ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം കൂടി ഉണ്ടായത്. അന്നത്തെ അപകടത്തിലും മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*