തളിപ്പറമ്പ്‌ തീപിടിത്തം: അമ്പതോളം കടകള്‍ കത്തി നശിച്ചു, അന്വേഷണം നടത്തുമെന്ന് കളക്ടര്‍

കണ്ണൂർ : തളിപ്പറമ്പ്‌ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വൻ തീപിടിത്തത്തില്‍ തീ നിയന്ത്രണ വിധേയം. അമ്പതോളം കടകള്‍ കത്തിയെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.

വിജയൻ അറിയിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർഫോഴ്സ് യൂണിറ്റുകള്‍ കണ്ണൂ,ർ കാസർകോട് ജില്ലകളില്‍ നിന്നെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ പറഞ്ഞു. രക്ഷാ പ്രവർത്തനത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ദേശീയ പാതയ്ക്ക് സമീപം തളിപ്പറമ്പ്‌ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെ.വി കോംപ്ലക്സില്‍ തീപിടിത്തം ഉണ്ടായത്. അറുപതിലേറെ കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും സമീപത്തെ ട്രാൻസ്‌ഫോമറില്‍ നിന്നും ചെരുപ്പ് കടയിലേക്ക് തീപ്പൊരി തെറിച്ചതിന് പിന്നാലെയാണ് തീ ആളിപ്പടർന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഈ ട്രാൻസ്‌ഫോർമറും തീപിടിത്തത്തില്‍ നശിച്ചു.

തീ പിടിത്തം തുടങ്ങുമ്ബോള്‍ തന്നെ വ്യാപാരികളും മറ്റും ഇടപെട്ട് സമീപത്തെ കടകളില്‍ നിന്നും പ്രദേശത്തു നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ തളിപ്പറമ്ബിലെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും കടകളുടെ ഉള്ളില്‍ പടർന്നുപിടിച്ച തീ നിയന്ത്രിക്കാനായില്ല. പിന്നാലെ കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോ,മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ തുടങ്ങിയിടങ്ങളില്‍ നിന്നും 12 യൂണിറ്റ് ഫയർ യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തി. എയർ പോർട്ടില്‍ നിന്നുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫയർ എൻജിനും കൂടി എത്തിയതോടെയാണ് തീ നിയന്ത്രിക്കാനായത്. നഗരത്തിലെ കുടിവെള്ള ടാങ്കറുകളും രക്ഷപ്രവർത്തനത്തില്‍ പങ്ക് ചേർന്നു. മൊബൈല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ചെരുപ്പ് കടകള്‍, പച്ചക്കറി കടകള്‍,സ്റ്റീല്‍ പാത്രകടകള്‍ എന്നിവ അതിനകം അഗ്നിക്കിരയായിരുന്നു .

തീപിടിത്തത്തെ തുടർന്ന് ദേശീയ പാതയില്‍ ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. വാഹനങ്ങള്‍ തൃച്ചംബരം വഴിയും മറ്റ് പ്രാദേശിക വഴികളിലൂടെയും തിരിച്ചു വിട്ടു. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേർ റോഡിലും സമീപത്തുമായി ഉണ്ടായിരുന്നു. നഗരത്തില്‍ പൂർണമായും വൈദ്യുതി നിലച്ചു.

അപകടം നടന്നിട്ട് മൂന്ന് മണിക്കൂറിനു ശേഷവും ഫയർ ഫോഴ്സ് യൂണിറ്റുകള്‍ക്ക് തീ പടർന്നുകൊണ്ടിരുന്ന ഒരു ഭാഗത്തേക്ക് കടക്കാൻ കഴിയാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കടകളും സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചത്. ഇതാണ് അകത്തേക്ക് കടക്കാൻ കഴിയാതിരിക്കാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. ഫയർ ഫോഴ്സ് യുണിറ്റുകള്‍ സ്ഥലത്തെത്താൻ വൈകിയെന്ന ആരോപണവും ഇതിനിടയില്‍ ഉയർന്നു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*