കയ്റോ: ഗാസ വെടിനിർത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍. ഇസ്രായേല്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
ഇസ്രയേലിലും ഗാസയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നു. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.
ഗാസ വെടിനിർത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് അറിയിച്ചിരുന്നു.
വെടിനിർത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നത്.
എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേല്‍ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ആദ്യ ഘട്ടത്തില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും ഗാസയില്‍ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കും.
വെടിനിർത്തല്‍ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു. കരാർ ഇന്ന് ചേരുന്ന യുദ്ധ കാബിനറ്റില്‍ ചർച്ചക്കിടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.




