ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി.
നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഒഴിവാക്കലാണ് നടന്നതെങ്കില്‍ മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേർക്കലാണ് നടന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് വോട്ട് വെട്ടല്‍ നടത്തുന്നത്. തന്‍റെ പേരില്‍ 12 പേരുടെ വോട്ടുകള്‍ വെട്ടിയെന്നും തന്‍റെ നമ്പര്‍ ദുരുപയോഗം ചെയ്തുവെന്നും ഒരു വോട്ടര്‍ വെളിപ്പെടുത്തി.
വോട്ടുകൊള്ളയുടെ അന്വേഷണത്തിന്‍റെ ഭാഗമായി മുഴുവൻ വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കർണാടക സിഐഡി നിരവധി തവണ കത്തുകള്‍ നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരം നല്‍കിയില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
ഗ്യാനേഷ് കുമാർ വോട്ട് ചോരികളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണം. കർണാടക സിഐഡി ആവശ്യപ്പെട്ട വിവരങ്ങള്‍ ഉടൻ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കർണാടകയില്‍ 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ചിലർ ശ്രമിച്ചു. ഇത് ചെയ്തയാളെ അപ്രതീക്ഷിതമായി പിടികൂടി. അലന്ദ് മണ്ഡലത്തില്‍ ആള്‍മാറാട്ടം നടത്തിയാണ് പേരുകള്‍ നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർത്ഥയാള്‍ അറിയാതെ തിരഞ്ഞെടുപ്പ് അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയും, കർണാടകത്തിന് പുറത്തുള്ള മൊബൈല്‍ നമ്പറുകളിലൂടെയുമാണ് തിരിമറി നടത്തിയത്. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. അലന്ദില്‍ ഗോദാബായ് എന്നയാളുടെ പേരില്‍ വ്യാജമായി ലോഗിൻ ചെയ്ത് 12 വോട്ടുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ താൻ ചെയ്തിട്ടില്ലെന്നും അതിനായി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും വയോധിക പറഞ്ഞു. വോട്ടുകള്‍ നീക്കം ചെയ്യാൻ ഉപയോഗിച്ച മൊബൈല്‍ നമ്ബറുകളും രാഹുല്‍ ഗാന്ധി പ്രദർശിപ്പിച്ചു. ഇവയൊന്നും കർണാടകയില്‍ നിന്നുള്ളതല്ലെന്നും മറ്റുപല സംസ്ഥാനങ്ങളില്‍ നിന്നുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ നമ്ബറുകളാണ് ഇത്? ആരാണ് ഇവയില്‍ ഒടിപി നമ്പര്‍ നല്‍കിയത്? സൂര്യകാന്ത് എന്നയാളും 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
പിന്നാലെ വേദിയിലേയ്ക്ക് സൂര്യകാന്തിനെയും വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടവരെയും രാഹുല്‍ ഗാന്ധി വിളിച്ചുവരുത്തി. താൻ വോട്ടുകള്‍ നീക്കം ചെയ്യാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും ഇതില്‍ പരാതി നല്‍കിയതായും സൂര്യകാന്ത് വ്യക്തമാക്കി. നാഗരാജ് എന്നയാള്‍ 36 സെക്കന്റില്‍ രണ്ട് വോട്ടുകളാണ് നീക്കം ചെയ്തതെന്നും അദ്ദേഹം തെളിവുകള്‍ പ്രദർശിപ്പിച്ചു. വോട്ടുകള്‍ നീക്കം ചെയ്യുന്നത് സോഫ്‌ട്‌വെയറുകള്‍ ഉപയോഗിച്ചാണ്. ഓട്ടോമേറ്റഡ് പ്രോഗ്രാം ആണ് ഇതിനായി ഉപയോഗിച്ചത്. കോള്‍ സെന്ററുകളാണ് ഇവ ചെയ്തത്. ഇത് ആസൂത്രണം ചെയ്ത് നടത്തിയതാണ്.
കർണാടകയില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. 18 മാസത്തിനിടെ 18 കത്തുകളാണ് കർണാടകയിലെ സിഐഡി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചത്. വോട്ടുകള്‍ നീക്കം ചെയ്യാനുള്ള അപേക്ഷകള്‍ നല്‍കിയ ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ടുകള്‍ തരണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കർണാടക സിഐഡി ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് നല്‍കുന്നില്ല. എന്തുകൊണ്ട് നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
വോട്ടുകള്‍ നീക്കം ചെയ്യുന്നത് ആരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയാം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാഷ്ട്രയിലും ഇത് നടന്നു. 6850 വോട്ടുകളാണ് രജുറ മണ്ഡലത്തില്‍ നിന്ന് നീക്കം ചെയ്തത്. ഹരിയാനയിലും ഉത്തർപ്രദേശിലും ഇത്തരത്തില്‍ വോട്ടുകള്‍ നീക്കം ചെയ്തതിന്റെ തെളിവുകള്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.




