നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറില്‍ മാമ്മോദീസച്ചടങ്ങില്‍ ഉള്‍പ്പെടെ ഉണ്ടായ ആക്രമണത്തില്‍ 22 പേർ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്ത് മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന തില്ലാബേരി മേഖലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
മോട്ടോർസൈക്കിളിലെത്തിയ അക്രമികള്‍ മാമ്മോദീസച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നവർക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു. 15 പേരാണ് ഇവിടെ മരിച്ചത്. ഇവിടെനിന്നു പോയ അക്രമികള്‍ മറ്റു സ്ഥലങ്ങളില്‍ നടത്തിയ വെടിവയ്പില്‍ ഏഴു പേരും കൊല്ലപ്പെട്ടു.
അല്‍ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ സജീവമായ മേഖലയിലാണ് ആക്രമണം. കഴിഞ്ഞ ബുധനാഴ്ച തില്ലാബേരിയിലുണ്ടായ മറ്റൊരാക്രമണത്തില്‍ 14 സൈനികർ കൊല്ലപ്പെട്ടിരുന്നു. നൈജറില്‍ മാർച്ച് മാസം മുതലുള്ള ആക്രമണങ്ങളില്‍ മുസ്ലിംകള് അടക്കം 127 പേർ കൊല്ലപ്പെട്ടുവെന്നാണു ഹ്യൂമൻ റൈറ്റ് വാച്ച് സംഘടന അറിയിച്ചിരിക്കുന്നത്.
നൈജർ, ബുർക്കിന ഫാസോ, മാലി രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങള്‍ക്ക് ഭീകരരെ അമർച്ച ചെയ്യാൻ കഴിയുന്നില്ല. ഇക്കാര്യത്തില്‍ സഹായം നല്‍കിയിരുന്ന യുഎസ്, ഫ്രഞ്ച് സേനകളെ മൂന്നു രാജ്യങ്ങളില്‍നിന്നും പട്ടാള ഭരണകൂടങ്ങള്‍ പുറത്താക്കിയിരുന്നു. പകരം റഷ്യ, തുർക്കി രാജ്യങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.




