ചൈന: മദ്യപിച്ച് റെസ്റ്റോറൻ്റിലെത്തി തിളച്ചുകൊണ്ടിരിക്കുന്ന സൂപ്പില്‍ മൂത്രമൊഴിച്ച കൗമാരക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ.
17 വയസുകാരായ രണ്ട് കൗമാരക്കാരുടെ മാതാപിക്കാള്‍ക്കാണ് ചൈനീസ് കോടതി പിഴയിട്ടത്. രണ്ട് കാറ്ററിംഗ് കമ്ബനികള്‍ക്ക് നഷ്ടപരിഹാരമായി 2.2 ദശലക്ഷം യുവാൻ (2,71,78,690 രൂപ) നല്‍കാനാണ് ഉത്തരവ്.
ഈ വർഷം ഫെബ്രുവരി 24നാണ് കൗമാരക്കാരായ വൂവും ടാങും ഷാങ്ഹായിലെ ഹൈദിലാവോ ഹോട്ട്‌പോട്ട് റെസ്റ്റോറന്റില്‍ എത്തിയത്. മദ്യപിച്ച പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഒരു മേശയില്‍ കയറി പരമ്ബരാഗത ചൈനീസ് സൂപ്പ് തയ്യാറാക്കുന്നതിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
കേടായ സൂപ്പ് ഏതെങ്കിലും ഉപഭോക്താക്കള്‍ കഴിച്ചതായി തെളിവുകളൊന്നുമില്ലെങ്കിലും, സംഭവ തീയതി മുതല്‍ മാർച്ച് എട്ട് വരെ റെസ്റ്റോറൻ്റ് സന്ദർശിച്ച 4,000ത്തിലധികം പേർക്ക് കമ്പനി നഷ്ടപരിഹാരം നല്‍കി.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടി സ്ഥാപനം തുടക്കത്തില്‍ 23 ദശലക്ഷം യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അപമാനകരമായ പ്രവൃത്തികള്‍, ടേബിള്‍വെയർ മലിനമാക്കല്‍, പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കല്‍ എന്നിവയിലൂടെ കൗമാരക്കാർ സല്‍പ്പേര് നശിപ്പിച്ചുവെന്ന് ഷാങ്ഹായ് കോടതി വിധിച്ചു.
കൗമാരക്കാരുടെ മാതാപിതാക്കള്‍ രക്ഷാകർതൃ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും നഷ്ടപരിഹാരം അവർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കൗമാരക്കാരോടും അവരുടെ മാതാപിതാക്കളോടും കാറ്ററിംഗ് കമ്ബനികള്‍ക്ക് വേണ്ടി പ്രത്യേക പത്രങ്ങളില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.



