ഹമാസ് നേതാവ് ഹസീം അവ്‌നി നയീമിനെ വധിച്ചതായി ഇസ്രായേൽ സൈന്യം

ഗസ്സസിറ്റി: ഹമാസ് നേതാവ് ഹസീം അവ്‌നി നയീമിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഗസ്സയില്‍ മൂന്ന് ഇസ്രായേലി തടവുകാരെ തടവിലാക്കിയതായി ആരോപിക്കപ്പെടുന്ന നേതാവാണ് ഹലീം അവ്നി നയീം.കഴിഞ്ഞയാഴ്ചയാണ് ഗസ്സ സിറ്റിയില്‍ വെച്ച്‌ ഹസീം അവ്‌നി നയീമിനെ വധിച്ചതെന്ന് ഐഡിഎഫും ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.ഇസ്രായേലികളായ എമിലി ദമാരി, റോമി ഗോണൻ, നാമ ലെവി എന്നിവരെയാണ് ഇയാള്‍ ബന്ദിയാക്കിയിരുന്നതെന്നും സൈന്യം പറയുന്നു.

ഹമാസ് കമാൻഡർ ഇസ് അല്‍-ദിൻ ഹദ്ദാദിന്റെ അടുത്ത അനുയായിയാണ് ഹസീം അവ്‌നി നയീമെന്നും ഐഡിഎഫ് പറയുന്നു.

അതേസമയം,ഗസ്സയില്‍ ഇസ്രായേലിന്‍റെ നരഹത്യ തുടരുകയാണ്.105 പേരാണ് കഴിഞ്ഞദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ നടത്തിയ ആക്രമണത്തിലാണ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ 32 പേർ സഹായകേന്ദ്രത്തില്‍ വരി നില്‍ക്കുന്നവരായിരുന്നു.

തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്തുള്ള അല്‍-മവാസിയിലെ ജലവിതരണ കേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വരിനിന്ന കുട്ടികളടക്കം കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയില്‍, അല്‍-അഫ് കുടുംബവീടിനു നേരെ നടത്തിയ ആക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടു.മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ,ഗസ്സയില്‍ പട്ടിണിമൂലം ഇന്നലെ മരിച്ചത് 13 പേരാണ്.ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 361 ആയി.

ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും യുഎന്നില്‍ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും ബെല്‍ജിയം വിദേശകാര്യമന്ത്രി പറഞ്ഞു.