ഡല്‍ഹി: പടിഞ്ഞാറൻ സുഡാനിലെ ഡാർഫർ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി സുഡാൻ ലിബറേഷൻ മൂവ്മെന്റ് (ആർമി) അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഡാർഫറിലെ മാറാ പർവതനിരകളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ഗ്രാമം പൂർണമായി നശിച്ചതായാണ് വിവരം.
പ്രദേശത്ത് ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ദുരന്തത്തില്‍ ഒരു ഗ്രാമം പൂർണ്ണമായും നിലംപൊത്തിയതായി ലിബറേഷൻ മൂവ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഡാർഫർ മേഖലയില്‍ സ്ഥിതിചെയ്യുന്ന ദുരിതബാധിത പ്രദേശം നിയന്ത്രിക്കുന്ന സുഡാനീസ് പ്രസ്ഥാനം, ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര ഏജൻസികളോടും മൃതദേഹങ്ങള്‍ വീണ്ടെടുക്കാൻ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രാഥമിക വിവരം അനുസരിച്ച് ഒരാള്‍ ഒഴികെ ഗ്രാമത്തിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും കൊല്ലപ്പെട്ടതായി പ്രാദേശിക സംഘടനയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോർട്ടു ചെയ്തു.
സുഡാനിലെ ആഭ്യന്തരയുദ്ധം മൂന്നാം വർഷത്തേക്ക് കടക്കുമ്ബോഴാണ് ദുരന്തവാർത്ത പുറത്തുവരുന്നത്. വടക്കൻ ഡാർഫറില്‍ സുഡാനീസ് സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധം രൂക്ഷമായതിനെ തുടർന്നാണ് മരുന്നും ഭക്ഷണവും പരാപ്തമല്ലാത്ത മാറാ പർവതനിരകളില്‍ ജനങ്ങള്‍ അഭയം തേടിയത്. രണ്ടുവർഷത്തെ ആഭ്യന്തരയുദ്ധം ജനസംഖ്യയുടെ പകുതിയിലധികം പേരെയും പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിടുകയായിരുന്നു.



