ദിവ്യ എസ് അയ്യർ യേശുവിനെ പെണ്ണാക്കി; ആണുംപെണ്ണുമല്ലാതാക്കിയില്ല ഭാഗ്യം!


ഷാജി ആലുവിള

ദിവ്യ ശേഷ അയ്യർ അടുത്ത സമയത്ത് എഴുതിയ ഒരു കവിത അവർതന്നെ പാടി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചു. നിങ്ങൾ ഒരു ഐ എ എസ് കാരിയാണ്. ഇത്രയും തരംതാഴരുത്. പ്രചരിക്കുന്ന ആ കവിത യേശു ക്രിസ്തുവിനെ പരിഹസിക്കുന്ന നിലയിൽ തരംതാണു പോയതിൽ സങ്കടമുണ്ട്. അതുകൊണ്ട് തരംതാണത് യേശുവല്ല, താങ്കളാണ്. വിവരം ഇല്ലങ്കിൽ വിദ്യാഭ്യാസം വെറും മരോട്ടിക്കായുടെ തോടുപോലെയാണ്.

യേശുവിന്റെ ചരിത്രം ചെറുതായിട്ടെങ്കിലും വായിച്ചിട്ടുള്ള ഒരു ഐ. എ എസ്.കാരിയാണ് ദിവ്യ അയ്യർ. മൂന്നു വർഷം മുമ്പ് മാരമണ്ണിൽ മർത്തോമ്മ സഭയുടെ കൺവൻഷനിൽ യുവജനസഖ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം താങ്കൾ മറന്നിട്ടില്ലല്ലോ? “വസ്തുതകളെയും സത്യത്തെയും ഒരിക്കലും കൂട്ടി കുഴക്കരുത്, വിശ്വാസത്തെയും വികാരങ്ങളെയും അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ മനസിലാക്കുമ്പോൾ അത് സത്യാനന്തരമായി നിർവ്വചിക്കുന്നു എന്ന്……” പിന്നെ എന്തിനാണ് സത്യത്തെ വളച്ചൊടിക്കുന്നത്. ഈ പറഞ്ഞ താങ്കൾ തന്നെയല്ലേ യേശുവിനെ പറ്റി പറഞ്ഞ കവിതയുടെ ഉപജ്ഞാതാവ്.

അത് ആപഹാസ്യമായി പോയി എന്നതിൽ ക്രൈസ്തവ സമൂഹത്തിന്‌ വേദനയുണ്ട്. പക്ഷെ ഈ അപഹാസ്യ കവിത കൊണ്ട് നിങ്ങൾക്ക് എതിരെ ഒരു പ്രതിഷേധവും ക്രൈസ്തവർ ഉണ്ടാക്കില്ല. എന്നാൽ ഇസ്‌ലാമിക നേതാവ് മുഹമ്മദ് നബിക്ക് എതിരായി നിങ്ങൾ എഴുതി പാടിയെതെങ്കിൽ അവരുടെ പ്രതികരണം എന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പിന്നെ യേശുവിനെ അപകീർത്തിപ്പെടുത്തുന്ന ഒട്ടനവധി സിനിമകൾ, നാടകങ്ങൾ, എഴുത്തുകൾ, പുസ്തകങ്ങൾ ലോകം കണ്ടിട്ടുണ്ട്. ഇത് കൊണ്ടോന്നും യേശുവോ യേശുക്രിസ്തുവിന്റെ സുവിശേഷമോ തളർന്നിട്ടില്ല, തകർന്നിട്ടുമില്ല. അതു കൊണ്ട് ഞങ്ങൾ തളരുന്നില്ല.

താങ്കളുടെ ഈ നാലുവരി വിഡ്ഢിത്ത കവിതയെ ക്രൈസ്തവ സമൂഹം പുഛത്തോടെ തള്ളുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. വ്യാഖ്യാന ന്യായീകരണം കാണും. ഒരു കാര്യം ഓർക്കണം ക്രൈസ്തവരെ അടിച്ചമർത്തുന്ന ഒരു വർഗ്ഗീയ ശക്തികളോ, അവരുടെ നേതാക്കൻമ്മാരോ യേശുവിനെ പറ്റി ഇങ്ങനെ പറഞ്ഞിട്ടില്ല.ഡോ. ക്രിസ്റ്റിനോ റോസ്ട്ടോ എന്ന ബ്രസീലിയൻ വനിതയുടെ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിലെ വരികളെ എടുത്ത് ദിവ്യ എസ് അയ്യർ മലയാളത്തിൽ പരിഭാഷപ്പെടുത്തിയതാണ് ഈ കവിതയെന്ന് പറയപ്പെടുന്നു. ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള അങ്ങ് ചെയ്തത് ഒട്ടും നല്ലകാര്യമല്ല. സർക്കാരിന്റെ ഉന്നതമായ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരു മതത്തെയോ വിശ്വാസത്തെയോ അവഹേളിക്കുന്ന പ്രചരണങ്ങൾ നടത്തുന്നത് കുറ്റകരമാണെന്നു നിങ്ങൾക്ക് അറിയാമെന്നിരിക്കെ യേശുവിനെ അവഹേളിച്ചത് ശരിയാണോ എന്ന് നിങ്ങൾ സ്വയം വിലയിരുത്തണം?

യേശു ക്രിസ്തു കറുത്തവർഗ്ഗക്കാരനായിരുന്നു എന്ന് തെളിയിക്കാൻ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് യേശു എല്ലാവരെയും സഹോദര എന്ന് വിളിച്ചു. നമ്മുടെ പ്രധാന മന്ത്രി പൊതുപ്രസംഗത്തിൽ “മേരാ ഭായിയോം ബഹനോം” എന്ന് സംബോധന ചെയ്യുന്നത് താങ്കൾ കേട്ടിട്ടുണ്ടല്ലോ? അതുകൊണ്ട് അദ്ദേഹം കറുത്ത വർഗ്ഗക്കാരൻ എന്നു പറഞ്ഞാൽ ആരും സമ്മതിക്കില്ല. സ്വന്തക്കാരായിട്ടാണ് യേശു എല്ലാവരെയും കണ്ടത്. ബഹുമാനം കൊടുക്കുന്ന വാക്കാണ് സഹോദരൻ (ഭായി, ബ്രദർ) എന്നത്. രണ്ടാമതായി യേശു സുവിശേഷം ഇഷ്ട്ടപ്പെട്ടു. ഇഷ്ടപ്പെടുക മാത്രമല്ല അത് പ്രസംഗിക്കുകയും ശിഷ്യന്മാർ അത് പ്രചരിപ്പിക്കുകയും ചെയ്‌തു. കാരണം യേശുവാണ് സുവിശേഷം.ആ സുവിശേഷം കറുത്തവർക്കും വെളുത്തവർക്കും അടിമയ്ക്കും ഉടമക്കും ലോകത്തിലുള്ള സകല മനുഷ്യർക്കുമുള്ളതാണ്.
മൂന്നാമതായി യേശുവിന് നല്ലൊരു വിചാരണ ലഭിച്ചില്ല. ഇവിടെ കറുപ്പും വെളുപ്പും അല്ല വിഷയം ചില പൊട്ടത്തരം പറഞ്ഞ് ഒന്ന് തിളങ്ങാൻ നോക്കിയതാണ്. അത് നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി.

പിന്നീട് നിങ്ങൾ പറയുന്നു യേശു സ്ത്രീ ആണെന്ന്. അതിനും മൂന്ന് തെളിവുകൾ നിങ്ങൾ നിരത്തുന്നു. ആഹാരം ഇല്ലാതിരുന്നപ്പോൾ കുറെ പേരെ ഊട്ടി എന്നത് ഒന്നാമത് പറയുന്നു. രണ്ടാമതായി അറിവില്ലാതിരുന്നവരുടെ ഇടയിലേക്ക് ഇടക്ക് ഇടക്ക് കടന്നു ചെന്ന് സന്ദേശം നൽകി (അറിവ് പകർന്നു നൽകി). മൂന്നാമതായി പറയുന്നു ചെയ്യാനുള്ള പണികൾ പൂർത്തീകരിക്കാൻ ആകാത്തതിനാൽ മൂന്നാം ദിവസം ഉയർത്തെഴുനേറ്റു എന്നതാണ് സ്ത്രീ ആണെന്നുള്ളതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നത്. സാമാന്യബോധം കൊണ്ട് ഒന്ന് ആലോചിക്കു ഇത് സത്യമാണോ? പുരുഷൻമ്മാരായ ജില്ലാ കളക്ടർമാർ ചെയ്ത പല കാര്യങ്ങളും സ്ത്രീ ആയ താങ്കളും കളക്‌ടർ ആയിരുന്നപ്പോൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ഒരു പുരുഷനാണെന്നു പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവരാരും സമ്മതിക്കില്ല സഹോദരി.

താങ്കൾ അതീവ ബുദ്ധിയുള്ള വ്യക്തിയാണ്. നിങ്ങളിൽ നിന്നും ക്രൈസ്തവ സമൂഹം ഇങ്ങനെയല്ല പ്രതീക്ഷിച്ചത്. ക്രൈസ്തവ സമ്മേളനത്തിൽ അതിഥികളായി എത്തുന്ന രാഷ്ട്രീയക്കാർ യേശുവിനെ പ്രസംഗിക്കുന്നത് ആത്മാർത്ഥത കൊണ്ടന്നുമല്ല. ഇവർക്ക് വേദി കൊടുത്താൽ ഈ കവിത പോലെ പലതും കൂരായണം ചെയ്‌തെന്നും വരും. ക്രൈസ്തവർ അത് ബഹിഷ്ക്കരിക്കുന്നത് നല്ലതാണ്. ഈ കവിത നിങ്ങളുടെ അഹംഭാവവും ധാർഷ്ട്യവുമാണ്. ഇത് എഴുതിയത് കൊണ്ടോ പാടിയതുകൊണ്ടോ പ്രചരിപ്പിച്ചതുകൊണ്ടോ എന്തെങ്കിലും നേട്ടം ആർക്കെങ്കിലും ഉണ്ടായോ? അല്ല നിങ്ങൾക്ക് ഉണ്ടായോ? ഒരു സമൂഹത്തെ, അധിക്ഷേപിച്ചതുകൊണ്ട് എന്ത് മനോസുഖം ആണ് കിട്ടിയത്?

യേശു സ്ത്രീ അല്ലന്ന് ശ്രീമതി ദിവ്യക്ക് അറിയാം. എന്നാലും ഇരിക്കട്ടെ ഒരു പുതിയ അറിവ്- അല്ലെ. ചുമ്മാതാണ് ഇത് കൊണ്ടോന്നും യേശു പെണ്ണാവില്ല.നിങ്ങൾ അങ്ങനെ ആക്കിയാൽ അത് താങ്കളുടെ ഉള്ളിലിരിക്കട്ടെ. ഇനി അണുമല്ല പെണ്ണുമല്ലയെന്ന് പറയുമോ ആവോ? ദിവ്യ എസ് അയ്യർ മനസിലാക്കണം നിങ്ങൾ ഒരു ഐ എ എസ് കാരിയാണ്. അതിന്റെ വിലയും നിലയും മനസിലാക്കിയെ കവിത ചമക്കാവു.