ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും, ആരാധന സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനത്തിന്‍റെ തകർച്ചയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ നാം ഇത്രകാലം നേടിയെടുത്ത മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 25ശതമാനം വോട്ടുകള്‍ നേടുമെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച്‌ നടന്ന ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപിയുടെ വിജയം കേരളത്തിന്‍റെ മതേതര സ്വത്വത്തെ ഇല്ലാതാക്കുകയും സംസ്ഥാനത്തിന്‍റെ ഐക്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ കേരളത്തനിമയാണ് തകരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.