അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ പരിഹാരം കണ്ടെത്തണം, എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്- നിക്കി ഹേലി

വാഷിങ്ടണ്‍: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പിന് പിന്നാലെ എത്രയും പെട്ടെന്ന് അമേരിക്കയുമായി ചേർന്ന് ഇന്ത്യ ഒരു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി.

ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദം തർക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ സഹായകരമാകുമെന്നും അവർ പറഞ്ഞു.

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ യുഎസ് ശിക്ഷാപരമായ നികുതികള്‍ ചുമത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിള്ളല്‍ വീണത്.

റഷ്യൻ എണ്ണയുടെ കാര്യത്തില്‍ ട്രംപിന്റെ നിലപാടിനെ ഇന്ത്യ ഗൗരവമായി കാണണം. ഒരു പരിഹാരം കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കണം. എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദം നിലവിലെ പ്രക്ഷുബ്ധതകളെ മറികടക്കാൻ ശക്തമായ ഒരു അടിത്തറ നല്‍കും. വ്യാപാര തർക്കങ്ങള്‍, റഷ്യൻ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊർജ്ജിതമായ ചർച്ചകള്‍ ആവശ്യമാണ്. നിക്കി ഹേലി എക്സില്‍ കുറിച്ചു. ചൈനയെ നേരിടുക എന്ന പൊതു ലക്ഷ്യം ഇരുരാജ്യങ്ങളും മറക്കരുതെന്നും ഹേലി കുറിപ്പില്‍ ഓർമ്മപ്പെടുത്തി.

ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയപടിയാക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നിക്കി അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.