കോയമ്പത്തൂര്‍: മരുതമല വനമേഖലയില്‍ അവശതയെത്തുടര്‍ന്ന് വീണ പിടിയാനയെ ഉണര്‍ത്താനുള്ള കുട്ടിയാനയുടെ ശ്രമം കരളലലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
വനമേഖലയില്‍ അലഞ്ഞുതിരിഞ്ഞ ആന ശനിയാഴ്ച വൈകീട്ടോടെയാണ് വീണത്. ഇതോടെ, പലതവണ ചുറ്റും നടന്ന കുട്ടിയാന ആനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട ചിലര്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും കുട്ടിയാന ആരെയും അടുപ്പിച്ചില്ല. ഒരു മണിക്കൂര്‍ ശ്രമിച്ചിട്ടും വനപാലകര്‍ക്ക് പിടിയാനയുടെ സമീപത്തേക്ക് പോകാന്‍ കഴിഞ്ഞില്ല.
ജില്ലാ വനം ഓഫീസര്‍ ഇടപെട്ട് മുതുമല തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തില്‍നിന്ന് ഞായറാഴ്ച രാവിലെ കുങ്കിയാനയെ എത്തിച്ചു.
ക്രെയിനും കൊണ്ടുവന്നു. വനം വെറ്ററിനറി ഡോക്ടര്‍മാരായ വിജയരാഘവന്, സദാശിവം എന്നിവരും എത്തി. കുങ്കിയാനയെ കണ്ടതേടെയാണ് കുട്ടിയാന ദൂരേക്ക് മാറിയത്. വീണ് കിടന്നിരുന്ന ആനയെ ഈ സമയം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
തുടര്‍ന്ന് ചികിത്സ ആരംഭിച്ചു. ആന സുഖംപ്രാപിച്ചു വരുന്നതായും ആരോഗ്യം വീണ്ടെടുത്താല്‍ കാട്ടിലേക്ക് വിടുമെന്നും വനംവകുപ്പ് അറിയിച്ചു. കുട്ടിയാന മറ്റൊരു ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നുവെന്നും അതിനെ നിരീക്ഷിച്ചുവരുന്നതായും അധികൃതര്‍ പറഞ്ഞു.




