ക്വീൻസ്ലാൻഡ് (ഓസ്ട്രേലിയ): പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നഷ്ടപരിഹാര തുകയ്ക്കുള്ള പണം കണ്ടെത്താനായി ഇടവകകൾ വിൽക്കാനും ജീവകാരുണ്യ സംരംഭങ്ങൾ പിരിച്ചുവിടാനുമുള്ള അനുമതി തേടി ബിഷപ്പ്. ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലാണ് സംഭവം.
1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ആഗ്ലിക്കൻ സഭയിലുണ്ടായ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതിനായാണ് ആഗ്ലിക്കൻ രൂപത ബിഷപ്പ് കോടതിയിൽ സഭയുടെ വസ്തുവകകൾ ക്രയവിക്രയം ചെയ്യാനുള്ള അനുമതി തേടി എത്തിയിട്ടുള്ളത്.
നോർത്ത് ക്യൂൻസ്ലാൻഡിലെ ആംഗ്ലിക്കൻ രൂപത സാമ്പത്തികമായി തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് ബിഷപ് കിത്ത് ജോസഫ് കോടതിയെ സമീപിച്ചിട്ടുള്ളത്. പീഡനത്തിനിരയായവർക്കു നൽകാനായി ഏകദേശം 8 മില്യൺ ഡോളർ കണ്ടെത്തേണ്ടതുണ്ടെന്നാണ് ക്യൂൻസ്ലാൻഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉള്പ്പെടുന്ന ഈ രൂപതയെക്കുറിച്ച് ബിഷപ്പ് കിത്ത് ജോസഫ് വെളിപ്പെടുത്തിയത്.
നഷ്ടപരിഹാരാവശ്യങ്ങൾ നോർത്ത് ക്യൂൻസ്ലാൻഡ് രൂപതയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്താൻ ബിഷപ്പ് ജോസഫ് തയാറായില്ല.
എങ്കിലും,ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക് നീതി ലഭിക്കേണ്ടതായ ബാധ്യത സഭയ്ക്കുണ്ടെന്നും അത് നിറവേറ്റുകയാണ് കടമയെന്നും അതിനായി കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ബിഷപ്പ് പറയുന്നത്. നാം നീതിയിൽ വിശ്വസിക്കുന്നു എന്ന് പറയുന്നെങ്കിൽ, അത് പ്രതിഫലിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ബിഷപ്പ് പറയുന്നു.
ക്വീൻസ്ലാൻഡിൽ മാത്രം 50 ഇടവകകളാണ് ആംഗ്ലിക്കൻ സഭയ്ക്കുള്ളത്. ഇതിലായി 75 സഭാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ടൗൺസ് വില്ലേയിലെ ബിഷപ്പിന്റ വസതിയും രൂപതാ ഓഫീസും ഇതിനോടകം വിൽപന നടത്തിയിട്ടുണ്ട്. വിശ്വാസപരമായ ആചാരങ്ങൾ തുടരുന്ന പള്ളികൾ പെട്ടെന്ന് വിൽക്കില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. ഓസ്ട്രേലിയയിലെ 23 ആംഗ്ലിക്കൻ രൂപതകളിൽ 22ലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ നടുന്നതായാണ് റിപ്പോർ്ട്ട്.




