വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ: യാത്രക്കാര്‍ 3 മണിക്കൂര്‍ മുമ്പെങ്കിലും എത്തണം, കര്‍ശന പരിശോധന

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘർഷങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാർ വിമാനം പുറപ്പെടേണ്ട സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിമാനക്കമ്ബനികള്‍.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് യാത്രക്കാർക്കുള്ള നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇൻ, ബോർഡിങ് എന്നിവ ഉറപ്പാക്കാനാണ് വിമാനക്കമ്ബനികള്‍ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി വിമാനത്താവളങ്ങളുടെ ടെർമിനല്‍ കെട്ടിടത്തിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്ബ് യാത്രക്കാരെയും അവരുടെ ഹാൻഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകള്‍ക്ക് പുറമേയാണിത്.

ജമ്മുവിനെയും പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി പരാജയപ്പെടുത്തിയതിന് ശേഷമാണ് ബിസിഎഎസ് നിർദേശം.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു