തീ കത്തിച്ച ശേഷം കെടുത്താതെ പോയി, കത്തിനശിച്ചത് 15,000 ഏക്കര്‍ സ്ഥലം; 19 വയസുകാരനെതിരെ കേസ്

ന്യൂ ജേഴ്സി: ന്യൂ ജേഴ്‌സിയിലെ പൈൻലാൻഡ്‌സിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് 19 വയസുകാരനെതിരെ കേസെടുത്തു.

ഓഷ്യൻ കൗണ്ടി നിവാസിയായ ജോസഫ് ക്ലിങ് എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 15,000 ഏക്കർ സ്ഥലമാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. തീ കത്തിച്ച ശേഷം യുവാവ് ശരിയായ രീതിയില്‍ അത് കെടുത്താതെ പോയതോടെയാണ് ഇത്രയധികമായി തീപിടിത്തം വ്യാപിക്കാനിടയായത്.

ഓഷ്യൻ കൗണ്ടിയിലെ ഗ്രീൻവുഡ് ഫോറസ്റ്റ് വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റ് ഏരിയയില്‍ ജോണ്‍സ് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് കാട്ടുതീ പടർന്ന് തുടങ്ങിയത്. തീ കത്തിച്ചത് ശരിയായ രീതിയില്‍ യുവാവ് കെടുത്താതെ പോയതാണ് ഇത്രയും വലിയ കാട്ടുതീക്ക് കാരണമായി തീർന്നത് എന്നാണ് ഓഷ്യൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്.

ഇത്രയും വലിയ തീപിടിത്തമുണ്ടാകാനുള്ള കാരണക്കാരൻ എന്ന നിലയിലാണ് ജോസഫ് ക്ലിങ്ങിനെതിരെ കേസെടുത്തിട്ടുള്ളത്. ശരിയായ രീതിയില്‍ തീ കെടുത്തുകയായിരുന്നെങ്കില്‍ തീ അധികം ഇടത്തേക്ക് വ്യാപിക്കില്ലായിരുന്നു എന്നാണ് ഓഷ്യൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രദേശത്ത് യുവാവ് മരക്കഷ്ണങ്ങള്‍ വച്ച്‌ തീ കത്തിച്ച ശേഷം അത് ശരിയായ രീതിയില്‍ അണയ്ക്കാതെ സ്ഥലത്ത് നിന്നും പോവുകയായിരുന്നു തുടർന്നാണ് 15000 ഏക്കറോളം കാട് കത്തി നശിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ആസ്ബറി പാർക്കിനും അറ്റ്ലാന്റിക് സിറ്റിക്കും ഇടയിലുള്ള ആള്‍താമസമില്ലാത്ത പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരത്തോടെ 50 ശതമാനം തീയും നിയന്ത്രണവിധേയമാക്കിയതായി ന്യൂജേഴ്‌സി ഫോറസ്റ്റ് ഫയർ സർവീസ് അറിയിച്ചു.

ഓഷ്യൻ ടൗണ്‍ഷിപ്പ് പോലീസ് ആസ്ഥാനത്ത് വെച്ച്‌ ക്ലിങിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ ഓഷ്യൻ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. തടങ്കല്‍ വാദം കേള്‍ക്കുന്നതുവരെ യുവാവിനെ ഓഷ്യൻ കൗണ്ടി ജയിലില്‍ പാർപ്പിക്കും. തടങ്ങള്‍ വാദം കേട്ട ശേഷമാകും യുവാവിനെ വിട്ടയക്കണോ അതോ ജയിലില്‍ തുടരണോ എന്ന് ഒരു സുപ്പീരിയർ കോടതി ജഡ്ജി തീരുമാനിക്കുക. 2007 -ല്‍ ന്യൂജേഴ്സിയിലുണ്ടായ കാട്ടുതീക്ക് ശേഷം ഇത്രയും വലിയ തീപിടുത്തമുണ്ടായത് ഈ സംഭവത്തിലൂടെയായിരുന്നു. 2007ല്‍ 17,000 ഏക്കർ കാടായിരുന്നു കത്തി നശിച്ചത്.